ഇൻഡോറിൽ വാഹനാപകടം, മുൻ മന്ത്രിയുടെ മകളും കോൺ. നേതാവിന്റെ മകനും മരിച്ചു

Saturday 10 January 2026 2:58 AM IST

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കാർ ട്രക്കിലേക്ക് ഇടിച്ചുകയറി എം.എൽ.എയും മുൻ ആഭ്യന്തര മന്ത്രിയുമായ ബാല ബച്ചന്റെ മകളും കോൺഗ്രസ് നേതാവിന്റെ മകനും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഇൻഡോറിൽ തേജാജി നഗർ ബൈപ്പാസിന് സമീപം രാലമണ്ഡലിലാണ് അപകടമുണ്ടായത്. ബാല ബച്ചന്റെ മകൾ പ്രേർണ ബച്ചൻ (26)​, കോൺഗ്രസ് സംസ്ഥാന വക്താവ് ആനന്ദ് കസ്ലിവാളിന്റെ മകൻ പ്രഖാർ കസ്ലിവാൾ ​(25)​,​ മന സന്ധു (26)​ എന്നിവരാണ് മരിച്ചത്. ഒരാൾ ചികിത്സയിലാണ്.

ഇന്നലെ പുലർച്ചെ 5.15 ഓടെയാണ് സംഭവം. പ്രഖറിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തശേഷം ഇൻഡോറിലേക്ക് മടങ്ങുകയായിരുന്നു ഇവർ. മദ്യലഹരിയിൽ കാറോടിച്ച പ്രഖറിന് നിയന്ത്രണം നഷ്ടമാവുകയും കാർ ട്രക്കിലേക്ക് ഇടിച്ചുകയറുകയുമായിരുന്നെന്നാണ് വിവരം.

മൂന്നുപേർ സംഭവസ്ഥലത്തുവച്ച് മരിച്ചു. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിവിൽ സർവീസ് പരീക്ഷയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു പ്രേർണ ബച്ചൻ. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്,​ മകോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.

കാർ 100 കിലോമീറ്ററിലധികം വേഗതയിലായിരുന്നു. കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തു.

-കൃഷ്‌ലാൽ ചാന്ദാനി

ഡി.സി.പി