ഭിന്നത തീർത്തു, എൻ.സി.പികൾ ഒന്നിക്കും: അജിത് പവാർ
ന്യൂഡൽഹി: പവാർ കുടുംബത്തിലെ ഭിന്നതകളെല്ലാം പരിഹരിച്ചെന്നും എൻ.സി.പി വിഭാഗങ്ങൾ ഒന്നിക്കുമെന്നും സൂചന നൽകി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. മഹാരാഷ്‌ട്ര കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പിംപ്രി-ചിഞ്ച്‌വാഡ് മേഖലയിൽ അജിത്തിന്റെ എൻ.സി.പിയും ശരദ് പവാറിന്റെ എൻ.സി.പിയും (ശരദ്ചന്ദ്ര പവാർ) സഖ്യമായാണ് മത്സരിക്കുന്നത്.
'ഇരു പാർട്ടികളിലെയും പ്രവർത്തകർ ഒന്നിക്കാനാഗ്രഹിക്കുന്നു. രണ്ട് എൻ.സി.പികളും ഇപ്പോൾ ഒരുമിച്ചാണ്. ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പിരിമുറുക്കങ്ങളും അവസാനിച്ചു-അജിത് പറഞ്ഞു. അമ്മാവൻ ശരദ് പവാർ സ്ഥാപിച്ച എൻ.സി.പി രണ്ടുവർഷം മുൻപ് പിളർത്തി എൻ.ഡി.എ പക്ഷത്ത് ചേർന്നാണ് അജിത് ഉപമുഖ്യമന്ത്രിയായത്. ഭൂരിപക്ഷ എം.എൽ.എമാരും അജിത്തിനൊപ്പമായതിനാൽ എൻ.സി.പി പേരും 'ക്ലോക്ക്' ചിഹ്നവും പാർട്ടിക്ക് ലഭിച്ചു. ശരദ് വിഭാഗത്തിന് എൻ.സി.പി (ശരദ്ചന്ദ്ര പവാർ) എന്ന പുതിയ പേരും കാഹളം വിളിക്കുന്ന ആൾ ചിഹ്നവും ലഭിച്ചു.
ബി.ജെ.പി നയിക്കുന്ന മഹായുതി മുന്നണിയിലുള്ള എൻ.സി.പിയും കോൺഗ്രസ് നയിക്കുന്ന മഹാവികാസ് അഘാഡിയിലുള്ള എൻ.സി.പി(പവാർ) പാർട്ടികൾ പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ സഹകരണം സംസ്ഥാന തലത്തിലേക്ക് നീങ്ങുമെന്ന സൂചനകളും വന്നു.
എന്നാൽ അജിത്തുമായുള്ള സഖ്യം തുടരാനുള്ള ചർച്ച നടന്നിട്ടില്ലെന്ന് ശരദ് പവാറിന്റെ മകളും എം.പിയുമായ സുപ്രിയ സുലേ പറഞ്ഞു. മഹാരാഷ്ട്രയിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരിൽ മന്ത്രിയാകുമെന്ന അഭ്യൂഹങ്ങളും നിഷേധിച്ചു.