അമിത് ഷായുടെ ഓഫീസിന് മുന്നിൽ തൃണമൂൽ പ്രതിഷേധം, എം.പിമാരെ അറസ്റ്റുചെയ്തു നീക്കി
ന്യൂഡൽഹി: തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള ഐപാകിന്റെ ഓഫീസിലെ ഇ.ഡി റെയ്ഡിനെതിരെ ഡൽഹിയിലും തൃണമൂൽ കോൺഗ്രസ് പ്രതിഷേധം. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിന് മുന്നിൽ ധർണ നടത്തിയ എട്ട് തൃണമൂൽ എം.പിമാരെ അറസ്റ്റു ചെയ്തു നീക്കി.
കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ഇന്നലെ രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസിലേക്ക് തൃണമൂൽ എം.പിമാരായ ഡെറിക് ഒബ്രെയ്ൻ, മഹുവ മൊയ്ത്ര, സാകേത് ഗോഖലെ, പ്രതിമ മൊണ്ഡൽ, കീർത്തി ആസാദ്, ശതാബ്ദി റോയ്, ഷർമിളാ സർക്കാർ, ബാപി ഹൽദാർ എന്നിവർ പ്രതിഷേധവുമായി എത്തിയത്. പ്ളക്കാർഡ് ഏന്തി പ്രതിഷേധിച്ച എം.പിമാരെ ഗേറ്റിന് മുന്നിൽ തടഞ്ഞു. മഹുവ മൊയ്ത്ര അടക്കം എം.പിമാരെ വലിച്ചിഴച്ച് പൊലീസ് വാഹനത്തിൽ കയറ്റി പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിൽ എം.പിമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അവിടെയെത്തിയ മാദ്ധ്യമങ്ങളെ പുറത്താക്കി ഗേറ്റ് പൂട്ടി. നിരോധനാജ്ഞയുള്ള ആഭ്യന്തര മന്ത്രാലയ പരിസരത്ത് പ്രതിഷേധിച്ച തിനാണ് എം.പിമാരെ കസ്റ്റഡിയിലെടുത്തതെന്നും പിന്നീട് വിട്ടയച്ചെന്നും ഡൽഹി പൊലീസ് അറിയിച്ചു.
സമാധാനപരമായി ധർണ നടത്തിയ എം.പിമാരെ വലിച്ചിഴച്ചത് അമിത് ഷായുടെ ധാർഷ്ട്യമാണ്. ഇന്ത്യയിൽ വിയോജിപ്പുകൾ നിശബ്ദമാക്കുന്നത് ഇങ്ങനെയാണ്
മഹുവ മൊയ്ത്ര, തൃണമൂൽ എം.പി
മമതയ്ക്കെതിരെ
ഇ.ഡി കോടതിയിൽ
അന്വേഷണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് മമതയ്ക്കെതിരെ ഇ.ഡി കൊൽക്കത്താ ഹൈക്കോടതിയിൽ പരാതി നൽകി. അന്വേഷണം തടസപ്പെടുന്ന തരത്തിൽ മുഖ്യമന്ത്രിയും പശ്ചിമ ബംഗാൾ പൊലീസും ഇടപെട്ടതിനാൽ നിയമ നടപടി തടസപ്പെട്ടെന്നും പരാതിയിൽ പറയുന്നു. കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട 2020ലെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഐപാക് ഓഫീസിൽ വ്യാഴാഴ്ച ഇ.ഡി റെയ്ഡ് നടത്തിയത്. തിരഞ്ഞെടുപ്പ് വിദഗ്ദ്ധൻ പ്രശാന്ത് കിഷോർ സ്ഥാപിച്ച ഐപാകാണ് തൃണമൂലിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്. റെയ്ഡിനിടെ എത്തിയ മമത പാർട്ടിയുമായി ബന്ധപ്പെട്ടതെന്ന് കരുതുന്ന വിവരങ്ങൾ അടങ്ങിയ ഒരു പച്ച ഫോൾഡർ, ഹാർഡ് ഡ്രൈവ്, ഒരു മൊബൈൽ ഫോൺ എന്നിവ ഓഫീസിൽ നിന്ന് കൊണ്ടുപോയിരുന്നു.