40 മണ്ഡലങ്ങളിൽ വിജയം ലക്ഷ്യമിട്ട് ബി.ജെ.പി
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ 'മിഷൻ 40'യുമായി ബി.ജെ.പി. കഴിഞ്ഞ ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം നടത്തിയ 40 മണ്ഡലങ്ങളിൽ വിജയിക്കുക ലക്ഷ്യമിട്ടാണിത്. ഇവിടങ്ങളിൽ മുൻകൂട്ടി സ്ഥാനാർത്ഥികളെ നിർണയിച്ച് പ്രവർത്തനം തുടങ്ങും.
നേരത്തെ പാർട്ടിക്ക് സംഘടനാ സംവിധാനം ശക്തമായ മണ്ഡലങ്ങളെ എ, എ പ്ളസ്, ബി ക്ലാസുകളായി തിരിച്ച് തിരഞ്ഞെടുപ്പിനൊരുങ്ങുന്ന സമീപനമായിരുന്നു. അതൊഴിവാക്കിയാണ് മിഷൻ 40ക്ക് രൂപം നൽകിയത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം, ആറ്റിങ്ങൽ, കാട്ടാക്കട, മണലൂർ,ഒല്ലൂർ,തൃശൂർ,നാട്ടിക,പുതുക്കാട്,ഇരിങ്ങാലക്കുട തുടങ്ങിയ മണ്ഡലങ്ങളിൽ ഒന്നാമത് എത്തിയിരുന്നു. തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര,ഹരിപ്പാട്,കായംകുളം, പാലക്കാട്,മഞ്ചേശ്വരം,കാസർകോട് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തുമെത്തി.
തദ്ദേശ തിരഞ്ഞെടുപ്പിൽ നേമം, കാട്ടാക്കട, കഴക്കൂട്ടം, ചെങ്ങന്നൂർ, മലമ്പുഴ, എലത്തൂർ, കാസർകോട്, മഞ്ചേശ്വരം,അരൂർ മണ്ഡലങ്ങളിലടക്കം മുന്നിലെത്തി. ഇതിൽ അഞ്ചിടത്ത് 45,000 വോട്ട് കടന്നു. മറ്റിടങ്ങളിൽ 40000ത്തോളം വോട്ടുകളും നേടി. കോവളം, വട്ടിയൂർക്കാവ്, പാറശാല, ചിറയിൻകീഴ്, കൊട്ടാരക്കര, പുതുക്കാട്, ഇരിങ്ങാലക്കുട,കൊടുങ്ങല്ലൂർ,നാട്ടിക, ഒറ്റപ്പാലം,പാലക്കാട്, മാവേലിക്കര മണ്ഡലങ്ങളിൽ 35,000- 40,000ത്തിനുമിടയിൽ വോട്ടുനേടി.
തിരുവനന്തപുരം, ആറ്റിങ്ങൽ, കുന്നത്തൂർ,ആറന്മുള, കരുനാഗപ്പള്ളി. കുണ്ടറ, ചേലക്കര, വടക്കാഞ്ചേരി, മണലൂർ, ഷൊർണൂർ, കുന്നമംഗലം,കോഴിക്കോട് നോർത്ത്, നെന്മാറ മണ്ഡലങ്ങളിൽ കിട്ടിയത് 30,000- 35,000ത്തിനും ഇടയിൽ വോട്ട്. തിരുവനന്തപുരം ജില്ലയിൽ നേമത്തും വട്ടിയൂർക്കാവിലും ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഒന്നാമത് എത്തിയിരുന്നു.
വികസന രേഖ
തയ്യാറാക്കും
'മിഷൻ 40'യിൽ ഉൾപ്പെട്ട മണ്ഡലങ്ങളിൽ വിവിധ പദ്ധതികൾ പ്രഖ്യാപിക്കും. വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിൽ ശ്രദ്ധിക്കും. സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടും. വികസന പദ്ധതി രേഖ തയ്യാറാക്കും. സാമൂഹ്യ,സാമ്പത്തിക,മത സാഹചര്യങ്ങൾ ഏജൻസിയെ ഏൽപിച്ച് പഠിക്കും. അതനുസരിച്ച് കർമ്മപദ്ധതി തയ്യാറാക്കും. ഒാരോ മണ്ഡലത്തിലും പ്രത്യേക പ്രഭാരിയെ നിശ്ചയിക്കും. മുഴുവൻ സമയ പ്രവർത്തകരെ താത്കാലികമായി നിയോഗിക്കും.