അരൂർ–തുറവൂർ ഉയരപ്പാതയിൽ...... ശബ്ദം നിയന്ത്രിക്കാൻ നോയിസ് ബാരിയർ
അരൂർ: അരൂർ–തുറവൂർ ഉയരപ്പാതയിൽ ശബ്ദ മലിനീകരണം നിയന്ത്രിക്കാൻ ആധുനിക നോയിസ് ബാരിയറുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു.
വാഹനങ്ങളുടെ ഹോൺ, എൻജിൻ ശബ്ദം എന്നിവയുടെ തോത് കുറയ്ക്കുന്നതിനൊപ്പം, ഉയരപ്പാതയ്ക്ക് സമീപത്തെ വീടുകൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവയെ ശബ്ദ മലിനീകരണത്തിൽ നിന്ന് രക്ഷിക്കുകയുമാണ് ലക്ഷ്യം. വാഹനങ്ങൾ അമിതവേഗത്തിൽ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന മുഴക്കവും ഇതിലൂടെ നിയന്ത്രിക്കാനാകും.
12.75 കിലോമീറ്റർ ദൈർഘ്യമുള്ള അരൂർ–തുറവൂർ ഉയരപ്പാതയുടെ ഇരുവശങ്ങളിലായിട്ടാണ് നോയിസ് ബാരിയറുകൾ സ്ഥാപിക്കുന്നത്.
ആറുവരിപാതയുടെ ഇരുവശങ്ങളിലായി ആകെ 25.5 കിലോമീറ്റർ ദൂരത്തിൽ, കൈവരിക്ക് മുകളിലായി 40 സെന്റീമീറ്റർ അടിത്തറയിൽ 1.50 മീറ്റർ ഉയരമുള്ള ബ്രിഡ്ജ് നോയിസ് ബാരിയറുകളാണ് സ്ഥാപിക്കുന്നത്.
കേരളത്തിൽ ആദ്യം
രാജ്യത്തെ പാലങ്ങളിലും ഹൈവേകളിലും ശബ്ദ നിയന്ത്രണത്തിനായി ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും കേരളത്തിൽ ആദ്യമായിട്ടാണിത്
ഇന്ത്യയിലെ ഏറ്റവും വലിയ പാലങ്ങളിലൊന്നായ അരൂർ–തുറവൂർ ഉയരപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 85 ശതമാനവും ഇതിനകം പൂർത്തിയായി