പക്ഷിപ്പനി: ഇന്നലെ 2862 പക്ഷികളെ കൊന്നു
Saturday 10 January 2026 12:10 AM IST
ആലപ്പുഴ: ജില്ലയിൽ വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്നത് (കള്ളിംഗ്) ആരംഭിച്ചു. ഇന്നലെ വൈകിട്ടുവരെയുള്ള കണക്ക് പ്രകാരം 2862 പക്ഷികളെയാണ് കള്ളിംഗിന് വിധേയമാക്കിയത്. അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക് എന്നിവിടങ്ങളിലാണ് കള്ളിംഗ് നടന്നത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ ഇന്നലെ വൈകിട്ടുവരെ 2850 പക്ഷികളെ കൊന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ 12 പക്ഷികളെയും കൊന്നൊടുക്കി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുത പ്രതികരണ സേനയാണ് ശുചീകരണ പ്രവർത്തനങ്ങൾക്കും കള്ളിംഗിനും നേതൃത്വം നൽകിയത്. ഇന്ന് കരുവാറ്റ, പള്ളിപ്പാട് പഞ്ചായത്തുകളിൽ കള്ളിംഗ് നടക്കും.