വധശ്രമക്കേസ് : ഒളിവിലായ പ്രതി പിടിയിൽ

Saturday 10 January 2026 12:16 AM IST

ചേലക്കര: സൂപ്പിപടി സ്വദേശിയെ സംഘം ചേർന്ന് മാരകായുധങ്ങളുമായി വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. പങ്ങാരപ്പിള്ളി പരളശ്ശേരി വീട്ടിൽ തൂവൽ എന്ന് വിളിക്കുന്ന ജിഷ്ണുവിനെയാണ് (27) ചേലക്കര പൊലീസ് ബംഗളൂരുവിൽ നിന്നും പിടികൂടിയത്. 2025 ഒക്ടോബർ 18നായിരുന്നു സംഭവം നടന്നത്. സൂപ്പിപടി സ്വദേശിയുടെ സുഹൃത്തിനെ ചോദ്യം ചെയ്തത് ചോദിക്കാൻ ചെന്നതിലുള്ള വൈരാഗ്യത്തിൽ അഞ്ചംഗ സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കേസിലെ മറ്റ് പ്രതികളെ നേരത്തെ പൊലീസ് പിടികൂടിയിരുന്നുവെങ്കിലും ജിഷ്ണു ഒളിവിൽ പോയി.

സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതി ബംഗളൂരുവിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുന്നംകുളം എ.സി.പി സി.ആർ.സന്തോഷിന്റെ നിർദ്ദേശപ്രകാരം ഇൻസ്‌പെക്ടർ കെ.സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സബ് ഇൻസ്‌പെക്ടർമാരായ ജോളി സെബാസ്റ്റ്യൻ, സി.അരുൺ, പൊലീസുകാരായ അനീഷ്, മനു, ഷനൂപ്, അരുൺ കൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.