ഐ.ഇ.ഡി സ്‌ഫോടന ഭീഷണി നേരിടാൻ ഡാറ്റാ കേന്ദ്രം

Saturday 10 January 2026 2:16 AM IST

ന്യൂഡൽഹി: ഭീകരാക്രമണങ്ങളിൽ ഐ.ഇ.ഡി സ്‌ഫോടനം പതിവാകുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിനായി നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ മേൽനോട്ടത്തിൽ ഐ.ഇ.ഡി ഡാറ്റ മാനേജ്മെന്റ് സിസ്റ്റം (എൻ.ഐ.ഡി.എം.എസ്) സ്ഥാപിച്ചു. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എൻ.ഐ.ഡി.എം.എസ് ഉദ്ഘാടനം ചെയ്‌തു.

ഇന്ത്യയുടെ ഭീകരവിരുദ്ധ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് എൻ.ഐ.ഡി.എം.എസ് എന്ന് അമിത് ഷാ പറഞ്ഞു. ഭീകരവാദ സംഭവങ്ങളുടെ അന്വേഷണം, സ്ഫോടന രീതികളുടെ വിശകലനം, ഭീകരതയ്‌ക്കെതിരായ ഫലപ്രദമായ തന്ത്രങ്ങൾ രൂപപ്പെടുത്തൽ എന്നിവയിൽ എൻ.ഐ.ഡി.എം.എസ് പ്രധാന പങ്ക് വഹിക്കും. ഐ.ഇ.ഡി, സ്ഫോടന കേസുകളുമായി ബന്ധപ്പെട്ട ഡാറ്റകൾ ഏകോപിപ്പിച്ച് അടുത്ത തലമുറ സുരക്ഷാ കവചമായി പ്ലാറ്റ്‌ഫോം പ്രവർത്തിക്കും.

വർഷങ്ങളായി ആഭ്യന്തര മന്ത്രാലയം വലിയ അളവിലുള്ള ഡാറ്റ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, അവ പലയിടത്തായി ചിതറിക്കിടക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. ഇവ സംയോജിപ്പിച്ച് എ.ഐ സഹായത്തോടെ വിശകലനം ചെയ്യാൻ എൻ.ഐ.ഡി.എം.എസിന് കഴിയും.

ദേശീയ അന്വേഷണ ഏജൻസി, ഭീകരവിരുദ്ധ സ്ക്വാഡുകൾ, സംസ്ഥാന പൊലീസ്, കേന്ദ്ര സായുധ പൊലീസ് സേനകൾ എന്നിവയ്ക്കും എൻ.ഐ.ഡി.എം.എസ് ഡാറ്റ ലഭ്യമാക്കും. എല്ലാ ഐ.ഇ.ഡി സ്‌ഫോടനങ്ങളുടെയും വിവരങ്ങൾ എൻ.ഐ.ഡി.എം.എസിൽ അപ്‌ലോഡ് ചെയ്യും. ഭീകരവാദ കേസുകളിൽ തെളിവുകൾ ശേഖരിക്കാനും അന്വേഷണത്തിന് തുമ്പുണ്ടാക്കാനും കോടതികളിൽ പ്രോസിക്യൂഷനെ പിന്തുണയ്‌ക്കാനും ഇത് സഹായിക്കും.

മുംബയ്, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, അഹമ്മദാബാദ് നഗരങ്ങളിൽ എൻ‌.എസ്‌.ജി പ്രാദേശിക കേന്ദ്രങ്ങളും അയോദ്ധ്യയിൽ ഒരു പുതിയ ഹബും സ്ഥാപിക്കുമെന്ന് അമിത് ഷാ അറിയിച്ചു.