പറകുന്ന് പാറയിൽ ദേവീക്ഷേത്രത്തിന്റെ സ്വർണവും പണവും കവർന്നു

Saturday 10 January 2026 12:18 AM IST

കല്ലമ്പലം: പറകുന്ന് പാറയിൽ ദേവീക്ഷേത്രം വക സ്വർണവും പണവും കവർന്നതായി പരാതി.പറകുന്ന് പണയിൽ ക്ഷേത്രത്തിന് സമീപമാണ് കുടുംബ ക്ഷേത്രമായ പാറയിൽ ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ക്ഷേത്രം വക രണ്ടര പവനോളം സ്വർണവും 22000 രൂപയുമാണ് മോഷണം പോയത്.ക്ഷേത്രത്തിലെ സ്വർണവും പണവും സൂക്ഷിച്ചിരുന്നത് കുടുംബ വീടായ സമീപത്തെ വിളയിൽ വീട്ടിലാണ്.ഇവിടെ താമസിക്കുന്നത് വൃദ്ധ ദമ്പതികളായ സത്യദേവനും ഭാര്യ സരളയുമാണ്.

കഴിഞ്ഞ ദിവസം പുലർച്ചെ വീടിന്റെ അടുക്കള വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന മാല,സ്വർണപൊട്ടുകൾ,മുക്കുത്തി എന്നിവയും പണവുമാണ് കവർന്നത്.ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും സരളയെ തള്ളിത്താഴെയിട്ട് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.നിലവിളികേട്ട് ഓടിയെത്തിയ അയൽവാസിയാണ് നിലത്തുകിടന്ന ഇവരെ എഴുന്നേൽക്കാൻ സഹായിച്ചത്.സത്യദേവൻ കിടപ്പ് രോഗിയാണ്.

പറകുന്ന് മേഖലകളിലെ ചില വീടുകളിലും അന്ന് മോഷണശ്രമം നടന്നിരുന്നു.പണയിൽ ക്ഷേത്രത്തിൽ കഴിഞ്ഞ 5 വർഷത്തിനിടയിൽ നിരവധിത്തവണ മോഷണം നടന്നിട്ടുണ്ട്. ആ ദിവസങ്ങളിൽ ഇവിടെയും മോഷണ ശ്രമം നടന്നിട്ടുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിരുന്നില്ല.പ്രദേശത്ത് അടിക്കടിയുണ്ടാകുന്ന മോഷണവും മോഷണ ശ്രമവും മൂലം ഭീതിയിലാണ് നാട്ടുകാർ.സംഭവത്തിൽ കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സ്ഥലത്തെക്കുറിച്ച് നല്ല പരിചയവും നിശ്ചയവുമുള്ള ആളാണ്‌ കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.പ്രതി ഉടൻ പിടിയിലാകുമെന്നാണ് സൂചന.