യു.എസിന്റെ 500% തീരുവ: നിരീക്ഷിക്കുന്നുവെന്ന് ഇന്ത്യ
ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങുന്നവർക്ക് 500 ശതമാനം നികുതി ചുമത്താൻ നിർദ്ദേശിക്കുന്ന യു.എസ് ബിൽ ഇന്ത്യ നിരീക്ഷിക്കുന്നു. 140 കോടി ഇന്ത്യക്കാർക്ക് ഊർജ്ജ സുരക്ഷ ഒരുക്കലാണ് പ്രധാനമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
"നിർദിഷ്ട ബില്ലുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും സംഭവ വികാസങ്ങളും ഞങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയാണ്. ആഗോള വിപണിയിലെ സാഹചര്യങ്ങളും കണക്കിലെടുക്കുന്നു, 140 കോടി ജനങ്ങൾക്ക് താങ്ങാനാവുന്ന വിലയിൽ ഊർജ്ജം ലഭ്യമാക്കണം. അതിനെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ തന്ത്രവും നയവും നിർണ്ണയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് പ്രസിഡന്റ് ട്രംപിനെ ഫോണിൽ വിളിക്കാതിരുന്നത് കൊണ്ടാണ് ഇന്ത്യ-യു.എസ് വാണിജ്യ കരാർ നീളുന്നതെന്ന യു.എസ് വാണിജ്യ സെക്രട്ടറി ഹൊവാഡ് ലുട്നിക്കിന്റെ പ്രസ്‌താവനയെക്കുറിച്ച്, കരാർ പരസ്‌പര പൂരകമാണെന്ന് ജയ്സ്വാൾ പറഞ്ഞു. സന്തുലിതവും പരസ്പര പ്രയോജനകരവുമായ വ്യാപാര കരാറാണ് ലക്ഷ്യം. പ്രധാനമന്ത്രിയും പ്രസിഡന്റ് ട്രംപും കഴിഞ്ഞ കൊല്ലം എട്ടു തവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും വക്താവ് ചൂണ്ടിക്കാട്ടി.