താമര ഒഴിവാക്കി പ്രതിഷേധിച്ച് യുവമോർച്ച

Saturday 10 January 2026 12:31 AM IST

തൃശൂർ: സ്‌കൂൾ കലോത്സവവേദികൾക്ക് നൽകിയ പുഷ്പങ്ങളുടെ പേരുകളിൽ താമര ഒഴിവാക്കിയതിനെതിരെ യുവമോർച്ച പ്രതിഷേധവുമായി രംഗത്ത്. സ്‌കൂൾ കലോത്സവം ഗ്രീൻ പ്രോട്ടോക്കോൾ മീറ്റിംഗ് നടക്കുന്ന തൃശൂർ ടൗൺ ഹാളിലേക്ക് പ്രവർത്തകർ താമര പൂക്കളുമായി പ്രതിഷേധ പ്രകടനം നടത്തി. ഗേറ്റിന് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞതോടെ പ്രവർത്തകർ കുത്തിയിരുന്നു പ്രതിഷേധിച്ചു. യുവമോർച്ച സിറ്റി ജില്ലാ അദ്ധ്യക്ഷൻ മനു പള്ളത്ത് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു പുതുക്കാട്,അഞ്ജലി എടക്കാട്ടിൽ,ശ്രവൺ,അമൃത ശ്രീജിത്ത്, ശിവൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. തുടർന്ന് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം താമര ഒരു ദേശീയ പാർട്ടിയുടെ ചിഹ്നമായതിനാലാണ് ഒഴിവാക്കിയതെന്ന് മന്ത്രി വി.ശിവൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.