ഇനി നാലു നാൾ, ഒരുക്കങ്ങളിൽ മുഴുകി കലോത്സവ നഗരി

Saturday 10 January 2026 12:32 AM IST

തൃശൂർ: പൂര നഗരിയിൽ ദീപപ്രഭ ചൊരിയാൻ വൈദ്യുതി വിതാനം. പ്രതിഭകളെ വരവേൽക്കാൻ പന്തലുകളുടെ നിർമ്മാണം അവസാനഘട്ടത്തിൽ. കലോത്സവത്തിന് തിരശീല ഉയരാൻ നാലു നാൾ മാത്രം ശേഷിക്കെ ഒരുക്കങ്ങൾ സജീവമായി. തേക്കിൻക്കാട് മൈതാനത്ത് പ്രധാന വേദി ഉൾപ്പെടെ മൂന്നു സ്റ്റേജുകളുടെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. സാഹിത്യ അക്കാഡമി, ടൗൺ ഹാൾ, റീജ്യണൽ തിയേറ്റർ,സ്‌കൂളുകൾ എന്നിവിടങ്ങളിലാണ് മറ്റ് വേദികൾ. ഭക്ഷണ ശാല 13 മുതൽ സജീവമാകും.

ഒരുക്കങ്ങൾ വിലയിരുത്തി

കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, റവന്യൂ മന്ത്രി കെ. രാജൻ, വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവരുടെ നേതൃത്വത്തിൽ വിലയിരുത്തി. അവലോകനയോഗം, വ്യാപാരി വ്യവസായികളുടെ യോഗം, ഗ്രീൻ പ്രോട്ടോകോൾ യോഗം എന്നിവയും നടന്നു. ഗ്രീൻ വാളണ്ടിയർമാർക്കുള്ള പരിശീലനവും യൂണിഫോം വിതരണവും മന്ത്രി വി. ശിവൻകുട്ടി,മന്ത്രി കെ.രാജനും ചേർന്ന് നിർവഹിച്ചു. കോർപ്പറേഷൻ മേയർ ഡോ.നിജി ജസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ശുചിത്വ മിഷനാണ് യൂണിഫോമുകൾ ഒരുക്കിയത്. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി ക്ലാസെടുത്തു. ഫീൽഡ് പ്രവർത്തനത്തിൽ ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ പരിശീലനം നൽകി. വിദ്യാഭ്യാസ 'ഉപഡയറക്ടർ പി.എം.ബാലകൃഷ്ണൻ, ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി കൺവീനർ ഡോ. പി.ആർ. രാമചന്ദ്രൻ, കോർപ്പറേഷൻ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ കാർത്തിക മുരളി തുടങ്ങിയവർ പങ്കെടുത്തു.