യു.എസിന്റെ 500 % തീരുവ: ഇന്ത്യയെ അടക്കം ബാധിക്കും

Saturday 10 January 2026 6:28 AM IST

വാഷിംഗ്ടൺ: റഷ്യയുടെ ഊർജ്ജ പങ്കാളികൾക്ക് മേൽ ഇറക്കുമതി തീരുവ കുത്തനെ ഉയർത്താൻ അനുവദിക്കുന്ന ബില്ലിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പച്ചക്കൊടി. റഷ്യയിൽ നിന്നുള്ള എണ്ണ, യുറേനിയം ഉത്പന്നങ്ങളുടെ ഇറക്കുമതി തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് യു.എസ് കുറഞ്ഞത് 500 ശതമാനം തീരുവയെങ്കിലും ചുമത്തണമെന്നാണ് ബില്ലിൽ ആവശ്യപ്പെടുന്നത്.

ഇന്ത്യ, ചൈന, ഇറാൻ, ബ്രസീൽ തുടങ്ങി റഷ്യയുടെ അടുത്ത വ്യാപാര പങ്കാളികളെയാണ് പ്രധാനമായും ലക്ഷ്യമാക്കുന്നത്. രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് തടഞ്ഞ്, റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്തുകയാണ് യു.എസിന്റെ ലക്ഷ്യം. വരുമാനം പ്രതിസന്ധിയിലാകുന്നതോടെ യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് മേൽ സമ്മർദ്ദം ശക്തമാകുമെന്നും ബിൽ മുന്നോട്ടുവച്ച റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രഹാം പറഞ്ഞു. ബില്ലിലെ നിർദ്ദേശങ്ങളെ ട്രംപ് പിന്തുണച്ചെന്നും വ്യക്തമാക്കി.

അടുത്തയാഴ്ച സെനറ്റിൽ ബില്ലിന്റെ വോട്ടെടുപ്പ് നടന്നേക്കും. സെനറ്റിലും തുടർന്ന് ജനപ്രതിനിധി സഭയിലും ബിൽ പാസായാൽ ട്രംപിന്റെ അംഗീകാരത്തോടെ നിയമമാകും. നിലവിൽ 50 ശതമാനം തീരുവയാണ് ( 25 ശതമാനം പകരച്ചുങ്കവും 25 ശതമാനം റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിലും) യു.എസ് ഇന്ത്യയ്ക്ക് മേൽ ചുമത്തിയിട്ടുള്ളത്. ചൈനയാണ് റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്. രണ്ടാം സ്ഥാനത്താണ് ഇന്ത്യ.