മകനോടുള്ള ദേഷ്യത്തിന് അമ്മയുടെ കൈ തല്ലിയൊടിച്ചു; മൂന്നാറിൽ രണ്ടുപേർ അറസ്റ്റിൽ

Saturday 10 January 2026 8:41 AM IST

മൂന്നാർ: മകനോടുള്ള വിരോധത്തെത്തുടർന്ന് അമ്മയുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനിൽ ജെ സുരേഷ് (36), നന്ദകുമാർ (25) എന്നിവരാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. മാട്ടുപ്പെട്ടി സ്വദേശിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ടൗണിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ പ്രതികൾ മാട്ടുപ്പട്ടി ഭാഗത്തുവച്ച് തടഞ്ഞുനിർത്തി കമ്പിവടി ഉപയോഗിച്ച് കൈ തല്ലിയൊടിക്കുകയായിരുന്നു. മൂന്നാർ പൊലീസാണ് പ്രതികളെ പിടികൂടിയത്. നാട്ടുകാരാണ് സ്ത്രീയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പ്രതികളെ ദേവികുളം കോടതി റിമാൻഡ് ചെയ്തു.