ഇന്റർനെറ്റ് വിച്ഛേദിച്ച് സുരക്ഷ ശക്തമാക്കി ഇറാൻ ഭരണകൂടം, പ്രക്ഷോഭം കടുക്കുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 65 ആയി
ടെഹ്‌റാൻ: ഭരണകൂട വിരുദ്ധ പ്രതിഷേധം 12ാം ദിവസത്തേയ്ക്ക് കടക്കുമ്പോൾ ഇറാനിലെ 31 പ്രവിശ്യകളിലേയ്ക്കും പ്രക്ഷോഭം പടരുന്നു. തലസ്ഥാനമായ ടെഹ്റാനിലടക്കം രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇന്റർനെറ്റ് സേവനം വിച്ഛേദിക്കപ്പെടുകയും രാജ്യത്തുടനീളം സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തുവെങ്കിലും പ്രക്ഷോഭം ശക്തമാവുകയാണ്. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 65 ആയി ഉയർന്നു. 2300 പേരാണ് ഇതുവരെ അറസ്റ്റിലായത്.
ഇറാൻ ഇസ്‌ലാമിക് റിപ്പബ്ളിക്കിനെതിരെ മുദ്രാവാക്യമുയർത്തി പതിനായിരങ്ങളാണ് തെരുവിലിറങ്ങുന്നത്. പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഏറ്റവും വലിയ ശിക്ഷ നൽകുമെന്നാണ് ജുഡീഷ്യറി മേധാവിയുടെ മുന്നറിയിപ്പ്. പ്രക്ഷോഭകരെ രൂക്ഷമായി വിമർശിച്ച് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയും രംഗത്തെത്തിയിരുന്നു.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രീതി നേടാൻ ശ്രമിക്കുന്ന ഒരുകൂട്ടം അക്രമികൾ എന്നാണ് ഖമനേയി പ്രതിഷേധക്കാരെ വിശേഷിപ്പിച്ചത്. ആർക്കും മുന്നിൽ മുട്ടുകുത്തില്ലെന്നും ശക്തമായി നേരിടുമെന്നും പറഞ്ഞു. വെനസ്വേലയുടെ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയോട് ട്രംപ് പെരുമാറിയ അതേ രീതിയിൽ ഇറാൻ പെരുമാറണമെന്ന് ഭരണകൂട പ്രത്യയശാസ്ത്രജ്ഞനായ ഹസ്സൻ റഹിംപൂർ അസ്ഗാദി ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ ഇറാൻ കൊല്ലുന്നത് തുടർന്നാൽ യു.എസ് ഇടപെടുമെന്ന് ട്രംപ് ആവർത്തിച്ചിരുന്നു.
വിലക്കയറ്റവും റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതിന്റെയും പശ്ചാത്തലത്തിൽ ഡിസംബർ 28നാണ് രാജ്യത്ത് പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. വൈകാതെ ഭരണകൂട വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. ഖമനേയിയുടെ ഭരണം അവസാനിപ്പിച്ച് കിരീടാവകാശി റെസ പഹ്‌ലവിയെ രാജ്യത്ത് തിരിച്ചെത്തിക്കണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെടുന്നു. ഇറാന്റെ അവസാന ഷാ ആയ മുഹമ്മദ് റെസ പഹ്‌ലവിയുടെ മകനായ റെസ നിലവിൽ യു.എസിലാണ്.