ബസ് കണ്ടക്ടറായി ഹൃത്വിക്, ബാങ്ക് ജീവനക്കാരനായി ഷാരൂഖ്; വ്യത്യസ്ത ലുക്കിൽ ബോളിവുഡ് താരങ്ങൾ, കാരണം ഇതാണ്
സങ്കൽപ്പിക്കാൻ കഴിയുന്നതിനും അപ്പുറമുള്ള കാര്യങ്ങളാണ് ഓരോ ദിവസവും നിർമ്മിത ബുദ്ധിയിലൂടെ (എഐ) നമുക്ക് മുന്നിൽ എത്തുന്നത്. സംസാരശേഷിയുള്ള മൃഗങ്ങളും നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ലോക കാഴ്ചകളും കണ്ട് മടുത്ത സോഷ്യൽ മീഡിയയ്ക്ക് മുന്നിലേക്ക് ഇപ്പോൾ പുതിയൊരു വിസ്മയമാണ് എത്തിയിരിക്കുന്നത്. ബോളിവുഡിലെ മുൻനിര താരങ്ങൾ സിനിമയിൽ വന്നില്ലെങ്കിൽ ഏതെങ്കിലും സാധാരണ ജോലി ചെയ്ത് ജീവിക്കുന്നവരായിരുന്നെങ്കിൽ എങ്ങനെയിരിക്കും? ഇതാണ് വൈറലായ പുതിയ എഐ ചിത്രങ്ങളുടെ പ്രമേയം.
ഹൃത്വിക് റോഷൻ ബസ് കണ്ടക്ടർ, ഷാരൂഖ് ഖാൻ -ബാങ്ക് ഉദ്യോഗസ്ഥൻ, സൽമാൻ ഖാൻ -ഡെലിവറി ബോയ്, രൺബീർ കപൂർ -ഐടി ജീവനക്കാരൻ, രാജ്കുമാർ റാവു-കടയുടമ, ആമിർഖാൻ- അദ്ധ്യാപകൻ, ടൈഗർ ഷ്രോഫ്-ജിം ട്രെയിനർ, അർജുൻ കപൂർ-സ്വിഗ്ഗി ഡെലിവറി പാർട്ണർ, സിദ്ധാർത്ഥ് മൽഹോത്ര- ടെക്നീഷ്യൻ എന്നിങ്ങനെ വ്യത്യസ്ത ലുക്കിലാണ് നായകന്മാരെ എഐ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. റെഡ്ഡിറ്റിൽ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ചിത്രങ്ങൾ വൈറലായതോടെ രസകരമായ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. ഭൂരിഭാഗം പേരും ഈ പരീക്ഷണത്തെ ചിരിയോടെയാണ് സ്വീകരിച്ചത്.
'ഒരു ബസ് കണ്ടക്ടറാകാൻ ഹൃത്വിക് റോഷൻ അല്പം 'ഹോട്ട്' ലുക്ക് കൂടുതലല്ലേ?' എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽക്കൂട്ടത്തിൽ ഏറ്റവും സ്വാഭാവികമായി തോന്നിക്കുന്നത് കടയുടമയായ രാജ്കുമാർ റാവുവിനെയാണെന്ന് പലരും അഭിപ്രായപ്പെട്ടു. ചിലർ ഇതിലെ യുക്തിയെയും ചോദ്യം ചെയ്യുന്നുണ്ട്. 'സാധാരണ ജോലി ചെയ്യുന്നവർക്ക് ഇത്രയും മുടി കാണില്ലല്ലോ, എന്തുകൊണ്ട് ഇവരെ ആരെയും കഷണ്ടിയുള്ളവരായി കാണിച്ചില്ല?' എന്നായിരുന്നു ഒരാളുടെ ചോദ്യം. സാധാരണക്കാർ ജോലി ചെയ്യുമ്പോൾ ഇത്ര സന്തോഷത്തിലായിരിക്കില്ലെന്ന പരിഹാസവും ചിലർ പങ്കുവച്ചു.