മൊഴിയിൽ ഗുരുതര ആരോപണങ്ങൾ; മദ്യം നൽകി അദ്ധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ
പാലക്കാട്: മലമ്പുഴയിൽ മദ്യം നൽകി അദ്ധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ നിർണായക നീക്കവുമായി പൊലീസ്. സ്‌കൂളിൽ ഏഴ് വിദ്യാർത്ഥികളിൽ നിന്നും മൊഴി ശേഖരിച്ചിട്ടുണ്ട്. ഇവർക്ക് അദ്ധ്യാപകനിൽ നിന്ന് സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. സ്കൂളിലെ കൂടുതൽ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകാനാണ് നിലവിലെ തീരുമാനം. സിഡബ്ല്യുസി കൗൺസിലർമാരുടെ മുഴുവൻ സമയ സേവനവും സ്കൂളിൽ ഏർപ്പെടുത്തും.
സ്കൂളിൽ നടത്തിയ ആദ്യഘട്ട കൗൺസിലിംഗിലാണ് ഏഴ് വിദ്യാർത്ഥികൾ അദ്ധ്യാപകനെതിരെ മൊഴി നൽകിയത്. സിഡബ്ല്യുസി വീണ്ടും ഈ വിദ്യാർഥികളുടെ മൊഴിയെടുക്കും. മൊഴി നൽകിയവരിൽ ആറ് പേരുടേത് ഗുരുതര സ്വാഭാവമുള്ളതാണെന്നാണ് വിവരം. ഇതിൽ ചിലരെ അദ്ധ്യാപകൻ താമസിക്കുന്ന സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചെന്നും ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുണ്ടെന്നും മൊഴിയിലുണ്ട്.
സംഭവത്തിൽ സ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾ മലമ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കാനായി ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയയ്ക്കുമെന്നാണ് വിവരം. കല്ലേപ്പുള്ളിയിലെ എയ്ഡഡ് യുപി സ്‌കൂൾ സംസ്‌കൃത അദ്ധ്യാപകൻ അനിലാണ് മദ്യം നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം പിടിയിലായത്. ഇയാളെ വിദ്യാഭ്യാസ വകുപ്പ് സർവിസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
നവംബർ 29 നായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂൾ കായികമത്സരത്തിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് അനിൽ വിരുന്നൊരുക്കിയിരുന്നു. ഇതിൽ എത്താതിരുന്ന കുട്ടിയെ തന്റെ വാടക വീട്ടിലേക്ക് വിവിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. കുട്ടി ഇക്കാര്യം സഹപാഠിയോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.