'കുഞ്ഞുങ്ങളില്ലാത്ത സ്‌ത്രീകളെ ഗർഭിണിയാക്കിയാൽ പത്ത് ലക്ഷം രൂപ പ്രതിഫലം, ഒപ്പം ജോലിയും'; പുരുഷന്മാരെ ലക്ഷ്യമിട്ട് ഒരു സംഘം

Saturday 10 January 2026 11:50 AM IST

പട്‌ന: 'കുട്ടികളില്ലാത്ത സ്‌ത്രീകളെ ഗ‌ർഭിണിയാക്കിയാൽ പത്ത് ലക്ഷം രൂപ പ്രതിഫലം' , ഇങ്ങനെയൊരു പരസ്യം കണ്ടാൽ ആരും ശ്രദ്ധിച്ചുപോകും. 'ഓൾ ഇന്ത്യ പ്രെഗ്നന്റ് ജോബ്' എന്ന് അറിയപ്പെടുന്ന ഈ പരസ്യം കുറച്ച് കാലം മുമ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. സൗജന്യമായി ലൈംഗിക ബന്ധത്തിലേർപ്പെടുക, ലക്ഷങ്ങൾ സമ്പാദിക്കുക എന്നീ കാര്യങ്ങൾ പറഞ്ഞ് പുരുഷന്മാരെ വഞ്ചിക്കുന്നൊരു തന്ത്രമായിരുന്നു ഇത്. വഞ്ചിതരായെന്ന് തിരിച്ചറിയും മുമ്പ് തന്നെ അവരുടെ കൈവശമുള്ള പണമെല്ലാം തട്ടിപ്പുകാർ കൈക്കലാക്കും.

ഇപ്പോഴിതാ ബീഹാറിലെ നവാഡ സൈബർ പൊലീസ് ഈ തട്ടിപ്പ് സംഘത്തെ കയ്യോടെ പൊക്കിയിരിക്കുകയാണ്. കുട്ടികളില്ലാതെ വിഷമിക്കുന്ന സ്‌ത്രീകളെ ഗർഭിണിയാക്കിയാൽ പണം മാത്രമല്ല ജോലി, വായ്‌പ എന്നീ സൗകര്യങ്ങളും നൽകുമെന്നാണ് സംഘം നൽകിയിരുന്ന വാഗ്ദാനം. നവാഡ സ്വദേശിയായ രഞ്ജൻ കുമാറാണ് ഇതിന്റെ മുഖ്യസൂത്രധാരൻ. പ്രായപൂർത്തിയാകാത്ത ഒരാളും തട്ടിപ്പ് സംഘത്തിലുണ്ടെന്നാണ് വിവരം.

ഇരകളെ ആകർഷിക്കുന്നതിനായി സംഘം ഫേസ്‌ബുക്കിലും വാട്‌സാപ്പിലും നിരന്തരം പരസ്യങ്ങൾ നൽകിയിരുന്നു. ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം ആ സ്‌ത്രീ ഗർഭിണിയായില്ലെങ്കിൽ പകുതി പണമായ അഞ്ച് ലക്ഷം നൽകുമെന്നും സംഘം വാഗ്ദാനം ചെയ്‌തിരുന്നു. ഇരകൾക്ക് വനിതാ മോഡലുകളുടെ ചിത്രങ്ങളാണ് ഇവ‌ർ അയച്ചുകൊടുത്തിരുന്നത്. രജിസ്‌ട്രേഷൻ ഫീസ്, ഹോട്ടൽ വാടക തുടങ്ങിയ ആവശ്യങ്ങൾ പറഞ്ഞ് ആദ്യം ഇവർ ഇരകളിൽ നിന്ന് പണം കൈക്കലാക്കും. തട്ടിപ്പിനിരയായി എന്ന് ഇരകൾ മനസിലാക്കുന്നതുവരെ പല ആവശ്യങ്ങൾ പറഞ്ഞ് പണം വാങ്ങും.

പെട്ടെന്ന് പണം കിട്ടാനുള്ള മാർഗമെന്ന് കരുതി നിരവധി പുരുഷന്മാരാണ് ഇവരുടെ ചതിയിലകപ്പെട്ടത്. സംഘത്തിന് പിന്നിൽ കൂടുതൽപേരുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും അതിന് ശേഷമേ കുറ്റകൃത്യത്തിന്റെ വ്യാപ്‌തി എത്രത്തോളമുണ്ടെന്ന് മനസിലാക്കാൻ സാധിക്കുകയുള്ളു എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.