കരൂർ ദുരന്തത്തിൽ സിബിഐയുടെ പുതിയ നീക്കം; വിജയ്‌യുടെ പ്രചാരണ വാഹനം പിടിച്ചെടുത്തു

Saturday 10 January 2026 12:14 PM IST

ചെന്നൈ: തമിഴ്നാട്ടിലെ കരൂർ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി സിബിഐ. തമിഴകം വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യുടെ പ്രചാരണ വാഹനം അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്തു. പനയൂരിലുള്ള പാർട്ടി ആസ്ഥാനത്തുനിന്നാണ് വാഹനം പിടിച്ചെടുത്തത്. തുടർന്ന് പരിശോധനകൾക്കായി വാഹനം കരൂരിലെ സിബിഐ ക്യാമ്പ് ഓഫീസിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് വിജയ് ഡൽഹിയിൽ ഹാജരാകാനിരിക്കെയാണ് സിബിഐയുടെ നടപടി.

കഴിഞ്ഞ സെപ്റ്റംബർ 27ന് കരൂരിൽ നടന്ന ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയാണ് 41 പേർ മരിച്ചത്. സംഭവത്തിൽ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അജയ് രസ്തോഗിയുടെ മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഈ മാസം 12ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് നേരിട്ട് ഹാജരാകാൻ വിജയ്‌യ്ക്ക് നേരത്തെ തന്നെ നോട്ടിസ് അയച്ചിരുന്നു. ദുരന്തത്തിനുപിന്നിലെ സുരക്ഷാവീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് പ്രധാനമായും സിബിഐ പരിശോധിക്കുന്നത്.

സുപ്രീംകോടതിയുടെ നേതൃത്വത്തിലുള്ള സിബിഐ അന്വേഷണത്തോട് സഹകരിക്കുമെന്ന് ആദ്യഘട്ടത്തിൽ തന്നെ ടിവികെ വ്യക്തമാക്കിയിരുന്നു. അപകടത്തിന് പിന്നിൽ സംസ്ഥാനസർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചയാണെന്നാണ് ടിവികെയുടെ ആരോപണം. ഇതിനെ പിന്തുണയ്ക്കു‌ന്ന വീഡിയോ തെളിവുകൾ ഉൾപ്പെടെ ടിവികെ ഹാജരാക്കിയിട്ടുണ്ട്.

ടിവികെ പാർട്ടിയുടെ പ്രധാന നേതാക്കളെ കഴിഞ്ഞ ആഴ്‌ച ഡൽഹിയിലെ കേന്ദ്ര ഏജൻസിയുടെ ഓഫീസിൽ ചോദ്യം ചെയ്‌തിരുന്നു. ജനറൽ സെക്രട്ടറി എൻ. ആനന്ദ്, തിരഞ്ഞെടുപ്പ് മാനേജ്മേന്റ് ജനറൽ സെക്രട്ടറി ആദവ് അ‌ർജുന, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി (ഐ.ടി ആൻഡ് സോഷ്യൽ മീഡിയ) സി.ടി.ആർ നിർമ്മൽ കുമാർ, കരൂർ വെസ്‌റ്റ് ജില്ലാ സെക്രട്ടറി വി.പി. മതിയഴകൻ തുടങ്ങിയരിൽ നിന്ന് മൊഴിയെടുത്തുവെന്നാണ് വിവരം. കരൂർ ജില്ലാ കളക്‌ടർ എം. തങ്കവേൽ,​ കരൂർ സിറ്റി എസ്.പി മണിവണ്ണൻ,​ എ.എസ്.പി പ്രേമാനന്ദൻ തുടങ്ങിയ ഉദ്യോഗസ്ഥരിൽ നിന്നും സിബിഐ വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. തമിഴ്നാട്ടിൽ സിബിഐക്ക് ഓഫീസുണ്ടായിട്ടും നേതാക്കളെ ഡൽഹിക്ക് വിളിച്ചുവരുത്തുന്നതിൽ രാഷ്ട്രീയ ഉദ്ദേശ്യമുണ്ടോയെന്ന സംശവും ഉയരുന്നുണ്ട്.