ഭർത്താവുമായി പിണങ്ങി; പത്ത് മാസം പ്രായമായ കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന ശേഷം 27കാരി ആത്മഹത്യ ചെയ്‌തു

Saturday 10 January 2026 1:34 PM IST

ഹൈദരാബാദ്: ഭർത്താവുമായി വഴക്കിട്ട് പിണങ്ങി പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് ശേഷം യുവതി ആത്മഹത്യ ചെയ്‌തു. 27കാരി സുഷമയും മകൻ യശവർദ്ധൻ റെഡ്ഡിയുമാണ് മരിച്ചത്. ഇരുവരും മരിച്ച് കിടക്കുന്ന കാഴ്‌ച കണ്ട് സുഷമയുടെ അമ്മ ലളിതയും ആത്മഹത്യയ്‌ക്ക് ശ്രമിച്ചുവെന്നാണ് വിവരം.

ചാർട്ടേർഡ് അക്കൗണ്ടന്റായ യശ്വന്ത് റെഡ്ഡിയും സുഷമയും നാല് വർഷം മുമ്പാണ് വിവാഹിതരായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദമ്പതികൾ തമ്മിൽ വഴക്കിടുന്നത് പതിവായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു. ഇന്നലെയാണ് സുഷമ സ്വന്തം വീട്ടിലെത്തിയത്. എത്തിയ ഉടൻതന്നെ അവർ കുഞ്ഞുമായി മുറിയിലേക്ക് പോയി വാതിലടച്ചു. കുഞ്ഞിന് വിഷം കൊടുത്ത ശേഷം ആത്മഹത്യ ചെയ്‌തു. ഇവർ ഉറങ്ങുകയാണെന്നാണ് ലളിത കരുതിയിരുന്നത്.

രാത്രി യശ്വന്ത് റെഡ്ഡി ജോലി കഴിഞ്ഞെത്തിയപ്പോൾ കിടപ്പുമുറി അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് ഭാര്യയും മകനും മരിച്ച് കിടക്കുന്നത് കണ്ടത്. ഉടൻതന്നെ പൊലീസിൽ വിവരമറിയിച്ചു. മകളും ചെറുമകനും മരിച്ചുകിടക്കുന്ന കാഴ്‌‌ച സഹിക്കാൻ കഴിയാതെ ലളിത ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഇവരെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഭർത്താവുമായുള്ള ത‌ർക്കമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കുടുംബാംഗങ്ങളിൽ നിന്നും മൊഴി രേഖപ്പെടുത്തുകയാണ്.