ബംഗ്ളാദേശിൽ വീണ്ടും ഹിന്ദു യുവാവ് കൊല്ലപ്പെട്ടു; മൂന്നാഴ്ചയ്ക്കിടെ ആക്രമണത്തിനിരയാവുന്ന എട്ടാമത്തെ ഇതരമതസ്ഥൻ

Saturday 10 January 2026 4:30 PM IST

ധാക്ക: ബംഗ്ളാദേശിൽ വീണ്ടുമൊരു ഹിന്ദു യുവാവ് കൊല്ലപ്പെട്ടു. സുനംഗഞ്ച് ജില്ലയിൽ ജോയ് മഹാപത്രോ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളെ പ്രദേശവാസി മർദ്ദിച്ചതിനുശേഷം വിഷംകൊടുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. രാജ്യത്ത് മൂന്നാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന എട്ടാമത്തെ ഹിന്ദുവാണ് ജോയ്.

അക്രമാസക്തരായ ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ കനാലിൽ ചാടിയ 25കാരനായ ഹിന്ദു യുവാവ് മരണപ്പെട്ട് മൂന്ന് ദിവസത്തിനുശേഷമാണ് പുതിയ സംഭവം. ഭന്ദാർപൂർ ഗ്രാമവാസിയായ മിഥുൻ സർക്കാർ ആണ് മരിച്ചത്. ഞായറാഴ്ച നാവോഗാവിലായിരുന്നു സംഭവം നടന്നത്. മോഷണക്കുറ്റമാരോപിച്ച് ആളുകൾ ഇയാളെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് മിഥുന്റെ മൃതദേഹം പൊലീസ് കനാലിൽ നിന്ന് കണ്ടെടുത്തത്.

ക്രിസ്മസിന് ശേഷം സത്ഖിര ജില്ലയിൽ ക്രിസ്ത്യൻ വിഭാഗക്കാർക്കെതിരെ നാല് ആൾക്കൂട്ട ആക്രമണങ്ങളുമുണ്ടായി. ബംഗ്ളാദേശിൽ ന്യൂനപക്ഷ ആക്രമണങ്ങൾക്ക് നേരെ സർക്കാരും പൊലീസും കണ്ണടയ്ക്കുകയാണെന്ന ആരോപണം ശക്തമാവുകയാണ്. കൊല്ലപ്പെട്ടവർക്ക് ക്രിമിനൽ ബന്ധമുണ്ടെന്ന് പറഞ്ഞും സംഭവങ്ങളെ വ്യക്തിപരമായ തർക്കങ്ങളെന്ന് കാട്ടിയും പൊലീസ് നിസാരവത്കരിക്കുന്നെന്നും ആക്ഷേപമുണ്ട്. 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന ഭരണകൂടത്തിന്റെ പതനം മുതൽ തുടങ്ങിയതാണ് ന്യൂനപക്ഷ ആക്രമണങ്ങൾ. ഇതുവരെ 293 ന്യൂനപക്ഷ വിഭാഗക്കാർ രാജ്യത്ത് കൊല്ലപ്പെട്ടെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. മുഹമ്മദ് യൂനുസ് തലവനായുള്ള ഇടക്കാല സർക്കാർ തീവ്രവാദ സംഘടനകളെ പൂർണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അനുവദിച്ചിരിക്കുകയാണെന്ന് ഷെയ്ഖ് ഹസീനയും കുറ്റപ്പെടുത്തിയിരുന്നു.