ഒഡീഷയിൽ നിയന്ത്രണംവിട്ട് ചെറുവിമാനം തകർന്നുവീണു; ആറുപേർക്ക് ഗുരുതര പരിക്ക്
ഭുവനേശ്വർ: ഒഡീഷയിൽ സ്വകാര്യകമ്പനിയുടെ ചെറുവിമാനം തകർന്നുവീണ് യാത്രക്കാർക്ക് ഗുരുതര പരിക്ക്. നാല് യാത്രക്കാരുൾപ്പെടെ ആറുപേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടുകൂടിയായിരുന്നു അപകടം. റൂർക്കലയിൽ നിന്ന് ഭുവനേശ്വറിലേക്കുപോയ ഒമ്പത് സീറ്റുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടമായ വിമാനം ഒരു മരത്തിലിടിച്ച് തുറസായ സ്ഥലത്തേക്ക് ക്രാഷ് ലാൻഡ് ചെയ്യുകയായിരുന്നു. സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ സംഘം പരിശോധന നടത്തും. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അപകടത്തിൽ ഒഡീഷ വാണിജ്യ, ഗതാഗത മന്ത്രി ബി ബി ജെന പ്രതികരിച്ചിട്ടുണ്ട്. റൂർക്കലയിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള ജൽഡയിലാണ് അപകടം സംഭവിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാർ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനെ സ്ഥിതിഗതികൾ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.