റോട്ടറി തൃപ്പൂണിത്തുറ റോയലിലെ പോറ്റി - മേനോൻ കൂട്ടുകെട്ട്
റോട്ടറി പ്രസ്ഥാനത്തിലൂടെ സാമൂഹ്യസേവന രംഗത്ത് ശ്രദ്ധേയരായ ആത്മമിത്രങ്ങളാണ് തൃപ്പൂണിത്തുറ സ്വദേശികളായ അഡ്വ. രാമകൃഷ്ണൻ പോറ്റിയും വിനോദ് കെ. മേനോനും. റോട്ടറി തൃപ്പൂണിത്തുറ റോയൽ ക്ലബ്ബിന്റെ ഭാരവാഹികളായിരുന്നകാലത്താണ് ഇരുവരും സാമൂഹ്യസേവന പാതയിൽ ഒരുമിച്ചുള്ള യാത്രക്ക് തുടക്കം കുറിച്ചത്. രണ്ടുപേരും റോട്ടറി ഇന്റർനാഷണലിലെ മേജർ ഡോണർമാരും ചിന്മയ മിഷൻ പ്രവർത്തകരുമാണ്. 2026-27 ഇലക്റ്റഡ് അസി. ഗവർണറും റോട്ടറി ഡിസ്ട്രിക്റ്റ് 3205 ഡിസ്ട്രിക്റ്റ് കോൺഫറൻസ് ട്രഷററുമാണ് രാമകൃഷ്ണൻ പോറ്റി. റോട്ടറി ഡിസ്ട്രിക്റ്റ് 3205ന്റെ മെഡിക്കൽ ക്യാമ്പുകളുടെ ചുമതലയും എറണാകുളം സോൺ ന്യൂ ആൻഡ് സ്മാൾ ക്ലബ്ബ് അസിസ്റ്റന്റുമാണ് വിനോദ് കെ.മേനോൻ.
റോട്ടറി ഇന്റർനാഷണലിന് 10,000 ഡോളർ സംഭാവന ചെയ്യുന്ന അംഗങ്ങളാണ് മേജർ ഡോണർമാർ. വിനോദ് കെ.മേനോൻ 13000 ഡോളറും രാമകൃഷ്ണൻ പോറ്റി 12500 ഡോളറും ഇതിനോടകം സംഭാവന ചെയ്തിട്ടുണ്ട്. റോട്ടറി ആഗോളതലത്തിൽ നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളിൽ തങ്ങളുടെ കൈയ്യൊപ്പുകൂടി ചേരണമെന്ന ആഗ്രഹമാണ് ഇരുവരേയും മേജർ ഡോണർമാരാക്കിയത്. അതോടൊപ്പം സ്വന്തം നാട്ടിലേക്ക് റോട്ടറി ഇന്റർനാഷണലിൽ നിന്നുള്ള കൂടുതൽ ഗ്ലോബൽ ഗ്രാന്റുകൾ ലഭ്യമാക്കാനും സാധിക്കും. അങ്ങനെയാണ് പെരുമ്പാവൂർ അല്ലപ്രയിലെ എൽദോ മാർ ബസേലിയോസ് ഡയാലിസിസ് സെന്ററിൽ 45ലക്ഷം രൂപ ചെലവിൽ മൂന്ന് ഡയാലിസിസ് യൂണിറ്റുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. ദിവസം 9പേർക്ക് ഈ സംവിധാനത്തിൽ ഡയാലിസിസ് നൽകാൻ സാധിക്കും. പാവപ്പെട്ട രോഗികൾക്ക് നൂറു ശതമാനം സൗജന്യമായും സാമ്പത്തിക ശേഷിയുള്ളവരിൽ നിന്ന് 350രൂപ മാത്രം നാമമാത്ര ഫീസ് ഈടാക്കിയുമാണ് ഡയാലിസിസ് സേവനം നൽകുന്നത്. ആഗോളതലത്തിൽ നടക്കുന്ന പോളിയൊ നിർമ്മാർജന പദ്ധതി റോട്ടറിയുടെ മുഖ്യ അജണ്ടകളിൽ ഒന്നാണ്. ഇന്ത്യയിൽ ഉൾപ്പെടെ പോളിയൊ വാക്സിൻ നൽകുന്നതിനുള്ള മുഴുവൻ ചെലവും റോട്ടറിയാണ് വഹിക്കുന്നത്. പോളിയോ ബാധിതരുടെ എണ്ണം പൂജ്യത്തിൽ എത്തിക്കുക എന്ന ദൗത്യത്തിലേക്ക് വിനോദ് മേനോനും രാമകൃഷ്ണൻ പോറ്റിയും ഈ വർഷം രണ്ടായിരം ഡോളർ സംഭാവന നൽകി. പോളിയോ നിർമ്മാർജന ഫണ്ടിലേക്ക് ലോകത്ത് എവിടെനിന്നും സംഭാവന ചെയ്യുന്ന ഓരോ ഡോളറിനും മൂന്ന് ഇരട്ടി തുക ബിൽഗേറ്റ് ഫൗണ്ടേഷനും സംഭാവന ചെയ്യും. ഇനിയും ലോകത്ത് 39 പോളിയോ കേസുകളാണ് അവശേഷിക്കുന്നത്. അതിൽ 30 എണ്ണം പാക്കിസ്ഥാനിലും 9എണ്ണം അഫ്ഗാനിസ്ഥാനിലുമാണ്. തൃപ്പൂണിത്തുറ റോയൽ ക്ലബ്ബിന്റെ ഭവനപദ്ധതിയുടെ ഭാഗമായി അമ്പലമേട്ടിൽ 6 പുതിയ വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലുമാണ്. 2023 ജൂലായ് മുതൽ റോട്ടറിയുടെ ഭാഗമായി നടപ്പാക്കിയത് ഒട്ടേറെ കാരുണ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് അഡ്വ. രാമകൃഷ്ണൻ പോറ്റിയും വിനോദ് കെ. മേനോനും നെടുനായകത്വം വഹിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ബൈപ്പാസിലെ ശ്രീ വെങ്കിടേശ്വര സ്കൂളിന് രണ്ട് എൽ.കെ.ജി വിഭാഗം ക്ലാസ് റൂമുകൾ സ്പോൺസർ ചെയ്തുകൊണ്ടായിരുന്നു തുടക്കം. സ്കൂളിലെ അർഹരായ 15 വിദ്യാർത്ഥികളുടെ മുഴുവൻ ഫീസും സ്കൂളിലെ നാനൂറോളം കുട്ടികൾക്ക് ഓണസദ്യയും നൽകി. മഴക്കാലത്ത് അട്ടപ്പാടിയിലെ 150 ആദിവാസി കുട്ടികൾക്ക് റെയിൻകോട്ടുകൾ, മുക്കാലി ആദിവാസി ഉന്നതിയിൽ 12000 പുസ്തകങ്ങളും ഫർണിച്ചറും സഹിതം ലൈബ്രറി, കേരള അണ്ടർ 20 ക്രിക്കറ്റ് ടീമിൽ കളിക്കുന്ന വടക്കുംചേരിയിലെ നിർദ്ധന കുടുംബത്തിലെ അംഗമായ അൽഷിഫ്നയ്ക്ക് വീട്, ചിന്മയ വിദ്യാലയത്തിന് വീൽചെയർ, സ്ട്രെച്ചർ, സാനിറ്ററി ഇൻസിനറേറ്റർ, തൃപ്പൂണിത്തുറ 44ാം നമ്പർ അങ്കണവാടിക്ക് 1.75 ലക്ഷം രൂപ ചെലവുവരുന്ന ഫർണിച്ചറുകളും വാട്ടർ പ്യൂരിഫയറും, കിൻഡർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ വനിതകൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ്, വൃക്കരോഗികളുടെ ഡയാലിസിസ് ആവശ്യാർത്ഥം റീനൽ കെയർ ഫൗണ്ടേഷന് ഒരു ലക്ഷം രൂപ സംഭാവന, മരട് നഗരസഭയിലെ 40 ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ഓണക്കോടി, തൃപ്പൂണിത്തുറ ട്രാഫിക് പൊലീസ് സ്റ്റേഷനിൽ എല്ലാ മാസവും 20 ക്യാൻ കുടിവെള്ളം, ഇരുമ്പനം ഭാസ്കരൻ കോളനിയിലെ ഗവ. ആയുർവേദ ഡിസ്പെൻസറി നവീകരണം, വനിതകൾക്ക് സ്വയം തൊഴിൽ പദ്ധതി, അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകൾക്ക് 5 തയ്യൽ മെഷിനുകൾ, സൈലന്റ് വാലിയിലെ ആദിവാസി കോളനിയിലും ബാഗുകൾ അടക്കം സ്റ്റിച്ച് ചെയ്യാവുന്ന 5 തുന്നൽ യന്ത്രങ്ങൾ, തൃപ്പൂണിത്തുറ ബി.ആർ.സി സെന്റർ മുഖേന സ്പെഷ്യൽ സ്കൂൾ കുട്ടികളുടെ അമ്മമാർക്കും 5 തുന്നൽ യന്ത്രങ്ങൾ, അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അരലക്ഷം രൂപ ചെലവ് വരുന്നതു പുനരുപയോഗിക്കാവുന്നതുമാ രണ്ട് മെറ്റേർനിറ്റി കിറ്റുകൾ, അപകടത്തിൽ പരുക്കേറ്റ് കിടപ്പിലായ തിരുവാങ്കുളം സ്വദേശി ബാബുവിന് സ്ട്രെട്ച്ചർ കം വീൽ ചെയർ വിതരണം, തൃപ്പൂണിത്തുറ മേഖലയിലെ പൊലിസ് സ്റ്റേഷനുകളിലും മുളന്തുരുത്തി ബദ്ലഹേം ഓൾഡ് ഏജ് ഹോമിലും പത്രങ്ങൾ തുടങ്ങി മേനോൻ ആൻഡ് പോറ്റി കൂട്ടുകെട്ടിൽ റോട്ടറിയുടെ ഭാഗമായി ഏറ്റെടുത്ത് നടപ്പിലാക്കിയ സാമൂഹ്യസേവനങ്ങൾ എണ്ണമറ്റതാണ്. കണ്ണൻകുളങ്ങര തെക്കേകൊളത്തൂർ പരേതരായ എളാച്ചിൽ മാധവമേനോന്റേയും ഭാരതി മേനോന്റേയും മകനാണ് വിനോദ്. ഭാര്യ: ഡെന്റൽ സർജനായ ഡോ. വസുന്ധര മേനോൻ. മകൻ സിദ്ധാർത്ഥ് മേനോൻ. തിരുവല്ല സ്വദേശിയാണ് രാമകൃഷ്ണൻ പോറ്റി. 1999ൽ കേരളഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. മുൻകാല സിനിമാ സംവിധായകൻ ഋഷീശ്വരൻ പോറ്റിയാണ് പിതാവ്. അമ്മ അമ്മിണി. ഭാര്യ: ധന്യ (റോട്ടറി അംഗം) ശ്രീറാം ലൈഫ് ഇൻഷ്വറൻസ് കമ്പനി സെയിൽസ് ഓഫീസറാണ്. മക്കൾ: സൂര്യനാരായണൻ, ഋഷികേശ് പോറ്റി.