വായന ബാ- ബാപ്പു: അറിഞ്ഞതുംഅറിയേണ്ടതും
മഹാത്മാഗാന്ധി എഴുതിയതും അദ്ദേഹത്തെക്കുറിച്ച് മറ്റുള്ളവർ എഴുതിയതും ഉൾപ്പെട്ട ഗാന്ധിസാഹിത്യം മലയാളത്തിൽ വിപുലമാണെങ്കിലും, സഹധർമ്മിണി കസ്തൂർബായെയും കുടുംബത്തെയും സംബന്ധിച്ച കൃതികൾ പരിമിതമാണ്. ആ വിടവ് നികത്തുന്നതിന് ഉപകരിക്കുന്ന പുസ്തകമാണ് അജിത് വെണ്ണിയൂർ എഴുതി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'ബാ- ബാപ്പു: അറിഞ്ഞതും അറിയേണ്ടതും."
കുടുംബ പശ്ചാത്തലം, കുടുംബ ജീവിതം, ചുറ്റുപാടുകൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, സംസ്‌കാരം, മതം, വിദ്യാഭ്യാസം, ജീവിതകാലം ഇവയൊക്കെ വ്യക്തിയെയും വ്യക്തിത്വത്തെയും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിക്കുന്ന ഘടകങ്ങളാണ്. ഗാന്ധിജിയുടെ കുടുംബജീവിതത്തിലെ അനർഘ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോൾ ഇത് കൂടുതൽ തെളിഞ്ഞുകാണാം. ജീവിതവിജയം നേടുന്ന ഏത് പുരുഷനു പിന്നിലും കഴിവുറ്റ ഒരു സ്ത്രീ ഉണ്ടായിരിക്കുമെന്ന ആംഗല തത്വത്തെ എല്ലാ അർത്ഥത്തിലും അന്വർത്ഥമാക്കുന്നതാണ് ബാപ്പുവിന്റെ ദാമ്പത്യം.
ബാലവിവാഹം സാധാരണമായിരുന്ന കാലത്ത്, ചെറുപ്രായത്തിൽത്തന്നെ അതിന് വിധേയയാകേണ്ടിവന്ന ആ മഹതിക്ക് വൈവാഹിക ജീവിതത്തിൽ ഒട്ടേറെ പരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. കുട്ടിത്തം മാറാത്ത പ്രായത്തിൽ വീട്ടമ്മയായപ്പോൾ ഇഷ്ടപ്പെട്ട പലതും നിഷേധിക്കപ്പെട്ടു, ഇഷ്ടമില്ലാത്ത പലതും ചെയ്യാൻ നിർബന്ധിതയായി. ഒരു മഹാന്റെ നിർമ്മിതിയിൽ പ്രത്യക്ഷമായും പരോക്ഷമായും പങ്കാളിയായി. കസ്തൂർ എന്ന ബാലികയിൽ നിന്ന് 'കസ്തുർബാ" എന്ന കുടുംബനാഥയിലേക്കുള്ള ജീവിതയാത്രയിൽ മധുരതരവും അതിനേക്കാൾ കയ്‌പേറിയതുമായ ഒട്ടേറെ അനുഭവങ്ങൾ അവർക്കുണ്ടായി.
ആത്മകഥയിൽ ഗാന്ധിജി എഴുതി: 'ഞാൻ അഹിംസയുടെയും സത്യഗ്രഹത്തിന്റെയും ബാലപാഠങ്ങൾ പഠിച്ചത് കസ്തൂർബായിൽ നിന്നാണ്. വിവാഹം ചെയ്ത നാൾമുതൽ ഞാൻ അവരെ എന്റെ മാത്രം ഇഷ്ടങ്ങൾക്ക് വഴങ്ങാൻ നിർബന്ധിച്ചു. ഒരേസമയം അവർ എന്റെ ആ ആഗ്രഹത്തെ ചെറുക്കുകയും എന്റെ വിഡ്ഢിത്തങ്ങളെ സഹിക്കുകയും ചെയ്തു. ഭരിക്കാൻ ജനിച്ചവനാണെന്ന എന്റെ അഹങ്കാരത്തെ കളങ്കമില്ലാത്ത സ്‌നേഹവും സമർപ്പിത മനസുംകൊണ്ട് അവർ കീഴടക്കി. അത് എന്നെ പലപ്പോഴും ലജ്ജിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. അങ്ങനെ അഹിംസയിൽ കസ്തൂർബാ എന്റെ അദ്ധ്യാപികയായി. ഞാൻ ദക്ഷിണാഫ്രിക്കയിൽ ചെയ്തത്, സ്വന്തം ജീവിതത്തിലൂടെ ബാ പ്രയോഗിച്ചു കാണിച്ചുതന്ന സത്യഗ്രഹത്തിന്റെ വിപുലീകരണം മാത്രമാണ്."
ഗാന്ധിയുടെയും കസ്തൂർബായുടെയും ദാമ്പത്യത്തിലെ വിസ്മയാവഹവും രസകരവുമായ അനുഭവങ്ങളുടെ വസ്തുനിഷ്ഠമായ വിവരണവും അവ നൽകുന്ന ജീവിതപാഠങ്ങളുമാണ് ഇത്തരം ഒട്ടേറെ കൃതികളുടെ രചയിതാവായ അജിത് വെണ്ണിയൂർ 'ബാ- ബാപ്പു"വിലൂടെ പകർന്നു നൽകുന്നത്. ആ ജീവിതത്തിലെ മലയാളി ബന്ധങ്ങളാണ് പുസ്തകത്തിന്റെ മാറ്റ് വർദ്ധിപ്പിക്കുന്ന മറ്റൊരു ഘടകം. മകൻ കാന്തിലാലിന്റെ തിരുവനന്തപുരം വാസമാണ് അതിൽ കൗതുകമുണർത്തുന്ന ഒരു സംഭവം.
ബംഗളൂരുവിൽ വൈദ്യശാസ്ത്ര പഠനത്തിനെത്തിയ കാന്തിലാലിനെ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കാനായി ഗാന്ധിജി കേരളത്തിലേക്കയച്ചു. ടാഗോറിന്റെ ശിഷ്യത്വത്തിൽ 'ശാന്തിനികേതനി"ൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഉന്നതബിരുദം നേടിയ ജി. രാമചന്ദ്രനായിരുന്നു ഗുരു. അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിൽ താമസിച്ചുള്ള പഠനത്തിനിടെ അനന്തരവൾ സരസ്വതിയുമായി കാന്തിലാൽ പ്രണയത്തിലായി...
കെ.ജയകുമാർ അവതാരികയിൽ എഴുതിയിരിക്കുന്നതുപോലെ 'ഇത് ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങളുടെ ആഖ്യാനമാണ്. ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം പരീക്ഷിച്ചറിഞ്ഞ സത്യഗ്രഹത്തിന്റെ കഥയാണ്. ഒപ്പം ഇത് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ സംക്ഷിപ്ത ചരിത്രവുമാണ്. ഗാന്ധിജി സ്ഥാപിച്ച ആശ്രമങ്ങളുടെ കഥയാണ്. ഖാദിയുടെ വിജയഗാഥയാണ്. എഴുത്തും വായനയും വശമില്ലാതിരുന്ന ഒരു ഗുജറാത്തി വധു ലോകം കണ്ട ഏറ്റവും ആശയധീരനും സത്യാന്വേഷകനുമായ ഒരു വ്യക്തിയുടെ സമർഹയായ ജീവിതപങ്കാളിയായി പരിണമിക്കുന്നതിന്റെ അത്ഭുതകഥയുമാണിത്."
ഒട്ടനേകം ഗ്രന്ഥങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉൾക്കൊണ്ടാണ് ഈ പുസ്തകത്തിന്റെ രചനയ്ക്കായി മാദ്ധ്യമ പ്രവർത്തകനും കേരള ഗാന്ധി സ്മാരകനിധി മുൻ സെക്രട്ടറിയുമായ ഗ്രന്ഥകാരൻ തയ്യാറെടുത്തതെന്ന് അവസാനഭാഗത്ത് ചേർത്തിട്ടുള്ള സഹായ ഗ്രന്ഥങ്ങളുടെ പട്ടികയിൽ നിന്ന് വ്യക്തമാണ്. ഈ പുസ്തകം മലയാള വിജ്ഞാന സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയും.