വായന സുസ്ഥിര കാവ്യപദ്ധതിയുടെ സൗന്ദര്യശാസ്ത്രം

Sunday 11 January 2026 3:52 AM IST

കവികളുടെ കവിതാനിരൂപണം അവരുടെ ഗദ്യത്തിന്റെ ശക്തിയും കവിതയെക്കുറിച്ചുള്ള കാഴ്ചപ്പാടും മനസിലാക്കുന്നതിന് സഹായകമാണ്. നിരൂപണത്തിന്റെ ദിശ നിർണയിക്കാനും ഭാവി കാവ്യസംവേദനത്തെ രൂപപ്പെടുത്താനും അവയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കുമാരനാശാന്റെ ചിത്രയോഗ നിരൂപണം, മേലത്ത് ചന്ദ്രശേഖന്റെ കക്കാടിന്റെ കവിത, എൻ.വി. കൃഷ്ണവാര്യരുടെ വള്ളത്തോളിന്റെ കാവ്യശില്പം, അയ്യപ്പപണിക്കരുടെ ഇന്ത്യൻ സാഹിത്യസിദ്ധാന്തത്തിനായുള്ള അന്വേഷണങ്ങൾ, സച്ചിദാനന്ദന്റെ ഇടശ്ശേരിയെക്കുറിച്ചുള്ള പഠനം എന്നിവ അതിനു തെളിവാണ്. ഡോ. ടി.കെ. സന്തോഷ് കുമാറിന്റെ ‘കവിതയുടെ രാഗപൂർണിമ- പ്രഭാവർമ്മയുടെ കലയും ദർശനവും’ എന്ന പുസ്തകവും ഇക്കൂട്ടത്തിലേയ്ക്ക് ചേർത്തുവയ്ക്കാവുന്ന നിരൂപണ കൃതിയാണ്.

പ്രഭാവർമ്മയുടെ കാവ്യശാസ്ത്രം എന്തെന്നുള്ള അന്വേഷണമാണ് കവി കൂടിയായ നിരൂപകൻ ഇതിലൂടെ നടത്തുന്നത്. കവിതയിലെ വിഗ്രഹഭഞ്ജകത്വം, പാരമ്പര്യ സാംസ്‌കാരധാരകൾ, കാവ്യഭാഷയുടെ നവീനത, അധികാരസ്ഥാപനങ്ങളെ വിമർശിക്കുന്നതിലെ രാഷ്ട്രീയമാനങ്ങൾ എന്നിവ വിശകലനം ചെയ്യുന്നതിലൂടെയാണ് നിരൂപകൻ പ്രഭാവർമ്മയുടെ കാവ്യശാസ്‌ത്രത്തെ കണ്ടെത്തുന്നത്. സിദ്ധാന്തങ്ങൾ കൃതികളിൽ നിന്നുതന്നെ പിറക്കണം എന്ന ആശയത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. നിരൂപകപക്ഷത്തിൽ ആഖ്യാനം, ഭാഷ, മൂലഭാവം, കേന്ദ്രീകൃത വിഷയം എന്നിവ സൈദ്ധാന്തികമായി ചേർന്നു നിൽക്കേണ്ടവയാണ്. പ്രഭാവർമ്മയുടെ കാവ്യാഖ്യായികളായ ശ്യാമമാധവം, കനൽച്ചിലമ്പ്, രൗദ്രസാത്വികം എന്നിവയിലാണ് നിരൂപണം കേന്ദ്രീകരിക്കുന്നത്. എങ്കിലും പഠനത്തിന്റെ വ്യാപ്തി അവയിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. പ്രഭാവർമ്മക്കവിതയിലെ കേന്ദ്രഭാവം കണ്ടെത്താനുള്ള ശ്രമമാണ് സഫലമായ ഈ പുസ്തകം.

'സുസ്ഥിര കാവ്യ പരിസ്ഥിതി" എന്ന ആശയത്തിലൂന്നുന്നതാണ് വായന. കവിതയിൽ നിന്ന് അന്യമായിത്തീരുന്ന താളം, ഛന്ദസ്, ഈണം, പാരമ്പര്യഭാഷ, എന്നിവയെ സാംസ്കാരികരംഗത്തെ ഇക്കോ സിസ്റ്റമായി പുസ്തകത്തിൽ അവതരിപ്പിക്കുന്നു അത് മലയാള കവിതയുടെ ഭാവിയെക്കുറിച്ചുള്ള ചിന്താഗതിയിലേക്കാണ് നയിക്കുന്നത്. മലയാളത്തിന്റെ സ്വത്വസംരക്ഷണം, കേരളത്തിന്റെ സാംസ്കാരികതയുടെ ജൈവികത, അധികാരത്തോടുള്ള പ്രതിരോധം എന്നിവ പ്രഭാവർമ്മക്കവിതകളിൽ നിന്ന് കണ്ടെത്തുന്ന നിരൂപകൻ അവയിലെ പാരമ്പര്യബോധത്തെയും നവോത്ഥാനാശയങ്ങളെയും വ്യവച്ഛേദിക്കുന്നു.

'ശ്യാമമാധവ"ത്തിന്റെ നിരൂപണത്തിലെ സൂക്ഷ്മതയാണ് ഈ പുസ്തകത്തിന്റെ മികവുകളിലൊന്ന്. ഇവിടെ പ്രഭാവർമ്മക്കവിതയിലെ പാരമ്പര്യബോധത്തെയും രാഷ്ട്രീയനിരീക്ഷണത്തെയും കൃത്യമായി നിരൂപകൻ തിരിച്ചറിയുന്നു. 'കനൽച്ചിലമ്പി"നെ ചിലപ്പതികാരത്തിന്റെ സമകാലിക പുനർവായന എന്ന നിലയിലാണ് നിരൂപകൻ സമീപിക്കുന്നത്. കണ്ണകിയുടെ ദേവീകരിക്കപ്പെട്ട ശരീരം, പാതിവ്രത്യത്തിന്റെ ആരോപിതമുദ്രകൾ, അധികാരകേന്ദ്രത്തിനെതിരെയുള്ള ചോദ്യങ്ങൾ എന്നിവ ഇത്തരത്തിൽ രാഷ്ട്രീയവൽക്കരിച്ച പാരമ്പര്യ കാവ്യമാതൃകകളിലൂടെ സ്ത്രീപ്രതിരോധത്തിന്റെ സാംസ്കാരിക വായനയ്ക്ക് വഴിതെളിക്കുന്നുവെന്ന് ടി. കെ. സന്തോഷ് കുമാർ ശക്തമായി വാദിക്കുന്നു.

'കവിതയുടെ രാഗപൂർണിമ" കാവ്യവിമർശന പുസ്തകം മാത്രമല്ല,​ സമകാല മലയാള കവിതയുടെ ഘടന, പാരമ്പര്യം, ഭാഷ, രാഷ്ട്രീയം, ശില്പപരിണാമം, രൂപപരിണാമം എന്നിവ ഒരുമിപ്പിച്ചുള്ള സമഗ്ര സിദ്ധാന്ത നിർമ്മിതിയാണ്. പ്രഭാവർമ്മയുടെ കാവ്യാഖ്യായികളെ അടയാളപ്പെടുത്തുന്ന പുസ്തകത്തേക്കാൾ കവിതാ വിമർശനത്തിന്റെ ആഴങ്ങളെക്കൂടി പ്രതിദ്ധ്വനിപ്പിക്കുന്ന സൃഷ്ടിയായി ഈ പഠനം മാറുന്നു. കേരള സാഹിത്യ അക്കാഡമിയാണ് പ്രസാധകർ.

(കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ മലയാള വിഭാഗം ഗവേഷകനാണ് ലേഖകൻ)​