പരാജയങ്ങളെ മുൻകൂട്ടി കാണുന്ന 'ഡിക്യൂ' മാജിക്; തഗ് ലൈഫും ഇന്ത്യൻ 2വും നൽകുന്ന പാഠമെന്ത്?

Saturday 10 January 2026 5:00 PM IST

സിനിമയിൽ ഭാഗ്യം എന്നതിലുപരി, കൃത്യമായ തിരക്കഥാ ബോധവും ദീർഘവീക്ഷണവുമാണ് ഒരു നടനെ സൂപ്പർതാര പദവിയിൽ നിലനിർത്തുന്നത്. മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാന്റെ കാര്യത്തിൽ ഇത് അക്ഷരംപ്രതി ശരിയാണെന്ന് അടിവരയിടുകയാണ് സോഷ്യൽ മീഡിയ. വലിയ ഹൈപ്പിലെത്തിയ തമിഴ് ബിഗ് ബജറ്റ് ചിത്രങ്ങളുടെ ബോക്സ് ഓഫീസ് തകർച്ചയും, ആ ചിത്രങ്ങളിൽ നിന്നുള്ള ദുൽഖറിന്റെ പിന്മാറ്റവും കൂട്ടിവായിക്കുമ്പോൾ താരത്തിന് പരാജയങ്ങളെ മുൻകൂട്ടി കാണാൻ പ്രത്യേക കഴിവുണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമകൾ പോലും ബോക്സ് ഓഫീസിൽ പതറുമ്പോൾ, ദുൽഖർ സൽമാൻ തന്റെ കരിയറിൽ എടുത്ത തീരുമാനങ്ങൾ ശ്രദ്ധേയമാകുന്നു. 'ഇന്ത്യൻ 2', 'തഗ് ലൈഫ്', 'പരാശക്തി' തുടങ്ങിയ സിനിമകളിൽ നിന്ന് താരം പിന്മാറിയത് അന്ന് വലിയ ചർച്ചയായിരുന്നു. എന്നാൽ ഇന്ന് ഈ ചിത്രങ്ങളുടെ ഫലം കാണുമ്പോൾ, ദുൽഖറിന്റേത് വെറുമൊരു പിന്മാറ്റമല്ല, മറിച്ച് ദീർഘവീക്ഷത്തോടെയുള്ള നീക്കമായിരുന്നു എന്ന് ആരാധകർ പ്രശംസിക്കുന്നു.

ശങ്കർ കമൽഹാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഇന്ത്യൻ 2 ബ്രഹ്മാണ്ഡ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിനായി ആദ്യം പരിഗണിച്ചിരുന്നത് ദുൽഖറിനെയായിരുന്നു. എന്നാൽ മറ്റു തിരക്കുകൾ ചൂണ്ടിക്കാട്ടി താരം ഈ പ്രോജക്ടിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. ചിത്രം തിയേറ്ററുകളിൽ തണുപ്പൻ പ്രതികരണമാണ് നേടിയത്.

37 വർഷങ്ങൾക്ക് ശേഷം മണിരത്നവും കമൽഹാസനും ഒന്നിക്കുന്നു എന്നതായിരുന്നു 'തഗ് ലൈഫി'ന്റെ പ്രത്യേകത. ചിത്രത്തിൽ ചിമ്പു അവതരിപ്പിച്ച വേഷത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് ദുൽഖറിനെയായിരുന്നു. താരത്തിന്റെ ക്യാരക്ടർ പോസ്റ്റർ വരെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നുവെങ്കിലും താരം പിന്നീട് ഈ ചിത്രത്തിൽ നിന്നും പിന്മാറി.

സിനിമയുടെ ഗ്ലാമറിനേക്കാൾ ഉപരിയായി തിരക്കഥയ്ക്കും തന്റെ കഥാപാത്രത്തിനും മുൻഗണന നൽകുന്ന ദുൽഖറിന്റെ ശൈലിയാണ് ഇന്ന് അദ്ദേഹത്തെ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധേയനാക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമായി ചർച്ച ചെയ്യപ്പെടുന്നതും താരത്തിന്റെ ഈ 'സ്‌ക്രിപ്റ്റ് സെൻസ്' തന്നെയാണ്.