ഇവനെ വളർത്താം, കറിയും വയ്‌ക്കാം!

Sunday 11 January 2026 2:59 AM IST

കാട്ടുപോത്തിനെ കണ്ടാൽ എങ്ങനെ അതിനെ കറിവച്ചു കഴിക്കാമെന്നായിരിക്കും മലയാളിയുടെ ചിന്ത! വണ്ടി പിടിച്ച് നേരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കു പൊയ്ക്കൊള്ളൂ. അവിടെ നിയമപരമായി വളർത്തുകയും കറിവച്ചു കഴിക്കുകയും ചെയ്യാവുന്ന കാട്ടുപോത്തുണ്ട്!

ജയിലിൽ പോകേണ്ടി വരുമെന്ന് അറിയാമെങ്കിലും, കാട്ടുപോത്തിനെ കണ്ടാൽ എങ്ങനെ അതിനെ കറിവച്ചു കഴിക്കാമെന്നായിരിക്കും മലയാളിയുടെ ചിന്ത! അങ്ങനെ കടുത്ത ആഗ്രഹമുണ്ടെങ്കിൽ നേരെ വണ്ടി പിടിച്ച് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കു പൊയ്ക്കൊള്ളൂ. അവിടെ നിയമപരമായി വളർത്തുകയും വിശേഷാവസരങ്ങളിൽ കറിവച്ചു കഴിക്കുകയും ചെയ്യാവുന്ന കാട്ടുപോത്തുണ്ട്- പേര് മിഥുൻ!

അരുണാചൽ പ്രദേശിന്റെയും നാഗാലാൻഡിന്റെയും സംസ്ഥാന മൃഗമാണ് മിഥുൻ. മണിപ്പൂർ, മിസോറം സംസ്ഥാനങ്ങളിലും ഇതിനെ കാണാം. കാലങ്ങൾക്കു മുമ്പേ പ്രദേശവാസികൾ ഇണക്കി വളർത്തിത്തുടങ്ങിയതാണ് ഈ കാട്ടുപോത്തിനെ. ഇപ്പോഴും അത് ഇണക്കത്തിന്റെ കാര്യത്തിൽ പകുതി മാത്രമേ 'നാടൻ" ആയിട്ടുള്ളൂ. അധികം അടുക്കാൻ പോകുന്നത് സൂക്ഷിക്കണമെന്ന് സാരം.

വലിയ തലയും തടിച്ച കൊമ്പുകളും മുട്ടിനു താഴേക്ക് വെളുത്ത കാലുകളുമാണ് മിഥുന്റെ സവിശേഷത. വലിയ ശരീരം. 650 കിലോ വരെ തൂക്കം വയ്ക്കും. കുഞ്ഞുങ്ങൾക്ക് ‌പശുക്കിടാങ്ങളെപ്പോലെ ചുവപ്പും വെളുപ്പും കലർന്ന രൂപമാണെങ്കിലും വളരുമ്പോൾ നിറവും രൂപവും മാറും. സമുദ്ര നിരപ്പിൽ നിന്ന് 1000 മീറ്റർ മുതൽ 3000 മീറ്റർ വരെ ഉയർന്നതും,​ താരതമ്യേന തണുപ്പുള്ളതുമായ മേഖലയാണ് മിഥുന്റെ ആവാസ കേന്ദ്രം.

ഈ സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗങ്ങളുടെ സംസ്കാരവുമായി വളരെ ഇഴചേർന്നു നിൽക്കുന്ന മൃഗമാണ് മിഥുൻ. സമ്പത്തിന്റെയും പ്രതാപത്തിന്റെയുമെല്ലാം അടയാളം. വീട്ടിലുള്ള പോത്തിന്റെ എണ്ണം കൂടിയാൽ ആഢ്യത്വവും കൂടും! വിവാഹവേളയിൽ വരന്റെ കുടുംബം വധുവിന്റെ കുടുംബത്തിന് നിശ്ചിത എണ്ണം മിഥുനെ കൈമാറണം. വരന്റെ സ്റ്റാറ്റസ് അനുസരിച്ച് ഇവയുടെ എണ്ണവും കൂടും. മറ്റു പ്രധാന ചടങ്ങ‌ു‌കളിലും ദേവതകളെ പ്രീതിപ്പെടുത്താനും തർക്കങ്ങൾ ഒത്തുതീർക്കാനുമെല്ലാം മിഥുന്റെ സാന്നിദ്ധ്യം കൂടിയേ തീരൂ.

മാംസത്തിനു വേണ്ടിയാണ് പ്രധാനമായും മിഥുനെ വളർത്തുന്നത്. പാലിന്റെ അളവ് തീരെ കുറവാണ്. പക്ഷേ, പോഷക നിലവാരത്തിൽ ഏറെ മുന്നിലുമാണ്. ആവാസ വ്യവസ്ഥ ചുരുങ്ങിയതും കൂടുതലായി കൊന്നൊടുക്കിയതും മൂലം വംശനാശ ഭീഷണി നേരിടുന്ന മൃഗമാണ് മിഥുൻ. ഇവയുടെ സംരക്ഷണത്തിനായി ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രിക്കൾച്ചറിന്റെ നേതൃത്വത്തിലുള്ള നാഷണൽ റിസർച്ച് സെന്റർ ഓൺ മിഥുൻ (ഐ.സി.എ.ആർ - എൻ.ആർ.സി.എം) പല പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പല ഭാഗത്തും ഇവയുടെ സംരക്ഷണത്തിനും പ്രജനനം ഉറപ്പാക്കുന്നതിനുമായി ഫാമുകളുമുണ്ട്.

മിസോറമിലെ അതിമനോഹരമായ തെൻസ്വാളിൽ ഇത്തരത്തിലുള്ള 'ഒരു മിഥുൻ സ്റ്റഡ് ഫാം" പ്രവർത്തിക്കുന്നു. തലസ്ഥാനമായ ഐസ്വാളിൽ നിന്ന് മൂന്നു മണിക്കൂറിലേറെ റോഡ് മാർഗം സഞ്ചരിച്ചാൽ വനമേഖലയോട് ചേർന്നുള്ള ഫാമിലെത്താം. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ നേതൃത്വത്തിലുള്ള മാദ്ധ്യമ സംഘത്തിന്റെ ഭാഗമായി ഈ ലേഖകൻ അടുത്തിടെ തെൻസ്വാളിലെ സ്റ്റഡ് ഫാം സന്ദർശിച്ചിരുന്നു. കുഞ്ഞുങ്ങൾ ഉൾപ്പെടെ വിവിധ പ്രായത്തിലുള്ള 150 മിഥുനുകളെ ഇവിടെ പരിപാലിക്കുന്നുണ്ട്. വിനോദ സഞ്ചാരികൾക്ക് ഇവിടെയെത്തിയാൽ മിഥുനെ തൊട്ടു തലോടുകയും ഒപ്പം നിന്ന് സെൽഫി എടുക്കുകയുമൊക്കെയാകാം.

പരിപാലകരിൽ ആരെങ്കിലും ഒപ്പമുണ്ടാകുമെന്ന് ഉറപ്പാക്കിയാൽ ആരോഗ്യത്തിനു നന്ന്!

കിലോ 450 രൂപ നിരക്കിൽ വില നൽകി ഫാമിൽ നിന്ന് പ്രദേശ വാസികൾക്ക് മിഥുനുകളെ വാങ്ങിക്കൊണ്ടു പോകാമെന്നാണ് അതിന്റെ ചുമതലക്കാർ പറഞ്ഞത്. ഫാമിലേക്ക് കൂടുതൽ സഞ്ചാരികളെയും കുടുംബങ്ങളെയും ആകർഷിക്കാനായി ഫാമിനോട് അനുബന്ധിച്ച് ബോട്ടിംഗ് ഉൾപ്പെ‌ടെയുള്ള തടാകവും ഉല്ലാസ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പലതിലും പ്രവേശിക്കാൻ മുൻകൂട്ടി പാസ് എടുക്കണം. കേരളത്തിൽ നിന്ന് നല്ല ദൂരവുമുണ്ട്. എങ്കിലും,​ ജയിലിൽ പോകാതെ കാട്ടുപോത്തിനെ തിന്നണമെന്ന് ആർക്കെങ്കിലും തോന്നിയാൽ നേരെ ഗുവാഹത്തി ട്രെയിൻ പിടിച്ചോളൂ! അവിടെ നിന്ന് മിസോറം തലസ്ഥാനത്തിനു സമീപത്തെ സായ്‌റംഗ് വരെ ഇപ്പോൾ ട്രെയിൻ സർവീസ് ഉണ്ട്. പോത്തുകറിക്കൊപ്പം കഴിക്കാൻ പൊറോട്ട കിട്ടില്ല. പകടം തന്തൂരി റൊട്ടിയോ വെള്ളച്ചോറോ വച്ച് അഡ്ജസ്റ്റ് ചെയ്യണം.