പ്രാർത്ഥനകളുടെ ധ്യാനഗിരി

Sunday 11 January 2026 3:09 AM IST

ഒരു ചിത്രകാരന്റെ പെട്ടിയിലെ വർണങ്ങൾ പോലെ ഭൂട്ടാൻ! മഞ്ഞണിഞ്ഞ പർവതനിരകൾ,​ പച്ചപുതച്ച താഴ്വരകൾ,​ മന്ത്രധ്വനികളുയരുന്ന പ്രാർത്ഥനാലയങ്ങൾ,​ശാന്തിയുടെയും സമാധാനത്തിന്റെയും കൊടിയടയാളമായി ആദ്ധ്യാത്മിക കേന്ദ്രങ്ങൾക്കു മുകളിൽ പാറിപ്പറക്കുന്ന വർണ്ണപതാകകൾ....

പ്രകൃതി സ്‌നേഹികളെയും,​ സാഹസിക യാത്രക്കാരെയും,​ ആത്മശാന്തി തേടി വരുന്നവരെയുമൊക്കെ ഓരോരുത്തർക്കും വേണ്ടതെല്ലാം ഒരുക്കി കാത്തിരിക്കുകയാണ് ഹിമവാന്റെ മടിത്തട്ടിൽ വിലയിക്കുന്ന ഭൂട്ടാൻ താഴ്‌വര. വടക്കൻ മേഖലകളിലെ പർവതനിരകളും തെക്കൻ മേഖലകളിലെ കാടുകളും ഭൂട്ടാനെ വൈവിദ്ധ്യമാർന്ന ഒരു ഹരിത മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു. വരും തലമുറയ്ക്കായി രാജ്യത്തിന്റെ അറുപത് ശതമാനവും വനഭൂമിയാക്കി മാറ്റി സംരക്ഷിക്കുന്ന ലോകത്തെ ആദ്യ ജൈവ കാർഷിക രാജ്യമാണിത്! സ്വന്തം ജനതയുടെ സന്തോഷത്തെ അളവുകോലാക്കി നാടിന്റെ പുരോഗതി കണക്കാക്കുന്ന ലോകത്തെ ഒരേയൊരു രാജ്യം! ഇവിടെ 'ഗ്രോസ് നാഷണൽ ഹാപ്പിനസ്" എന്ന ആശയത്തിൽ അധിഷ്ഠിതമാണ് ഭരണം.

വ്യാളിയുടെ

മുഴക്കം

ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ കുടുങ്ങിപ്പോയ ഒരു കൊച്ചു രാജ്യമാണ് ഭൂട്ടാൻ, ഇടിമിന്നലിന്റെ നാട് എന്ന് അർത്ഥം വരുന്ന 'ഡ്രകയുൽ" എന്ന പേരിലും ഇവിടം അറിയപ്പെടുന്നു. ഭൂട്ടാനിൽ സർവസാധാരണമായി കാണപ്പെടുന്ന വ്യാളിയുടെ ശബ്ദമാണ് ഇടിമിന്നലായി പുറത്തുവരുന്നതെന്നാണ് ഭൂട്ടാൻ ജനതയുടെ വിശ്വാസം. ഇതുവരെ പാശ്ചാത്യ അധിനിവേശം കടന്നുചെല്ലാത്ത ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ. അതിനാൽത്തന്നെ ഭൂട്ടാൻ ജനതയ്ക്ക് അവരുടെ സാംസ്‌കാരികത്തനിമ കലർപ്പില്ലാതെ ഏറെക്കുറെ നിലനിറുത്താനാവുന്നു. പെരുമാറ്റത്തിലും ഭക്ഷണരീതിയിലും വസ്ത്രധാരണത്തിലും ആചാരാനുഷ്ഠാനങ്ങളിലുമൊക്കെ നമുക്കത് ദർശിക്കാനാവും.

ഇന്ത്യയിൽ നിന്ന് പശ്ചിമ ബംഗാളിലെ ജയ്ഗോൺ അതിർത്തി കടന്ന് റോഡ് മാർഗം ഭൂട്ടാനിലെത്താം. വിമാനയാത്രയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഭൂട്ടാനിലെ ഏക അന്താരാഷ്ട്ര വിമാനത്താവളമായ പാരോ എയർപോർട്ടിൽ ഇറങ്ങണം. ലോകത്തെ ഏറ്റവും സാഹസികമായ ലാൻഡിംഗ് ഉള്ള വിമാനത്താവളമാണ് ഇത്. മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന വിമാനത്താവളത്തിലേക്ക് മലമടക്കുകൾക്കിടയിലൂടെ പലതവണ വട്ടം കറങ്ങി വിമാനം താഴെയിറങ്ങുന്നത് അത്ഭുതകരമായ കാഴ്ച തന്നെയാണ്.

എട്ടുപേരുള്ള ഞങ്ങളുടെ യാത്രാസംഘം നേപ്പാളിൽ ആറുദിവസം ചെലവഴിക്കാനാണ് പദ്ധതിയിട്ടിരുന്നത്. കൊച്ചിയിൽ നിന്നുള്ള വിമാനം പശ്ചിമ ബംഗാളിലെ 'ബാഗ്‌ഡോഗ്ര" വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ പുറത്ത് ടൂറിസ്റ്റ് ഗൈഡ് കാത്തുനിൽക്കുന്നുണ്ടായിരുന്നു. റോഡ് വഴി 190 കിലോമീറ്റർ സഞ്ചരിച്ചുവേണം ഭൂട്ടാനോട് തൊട്ടുകിടക്കുന്ന ഇന്ത്യൻ അതിർത്തിയായ ജയ്‌ഗോണിലെത്താൻ. നെൽപ്പാടങ്ങളും കവുങ്ങിൻതോട്ടങ്ങളും നാട്ടിടവഴികളും നിറഞ്ഞ കേരളത്തിന്റെ പ്രകൃതിയോട് ഏറെക്കുറെ സാമ്യമുള്ള പ്രദേശങ്ങളിലൂടെ ദേശീയപാതയിൽ നാലു മണിക്കൂറിലധികം സഞ്ചരിച്ചാണ് ജയ്ഗോണിൽ എത്തിയത്.

തിരക്കുപിടിച്ച ഒരു കച്ചവടകേന്ദ്രമാണ് ജയ്‌ഗോൺ. ഇന്ത്യയുടെ പല ഭാഗത്തു നിന്നെത്തുന്ന ടൂറിസ്റ്റുകളും ഭൂട്ടാനിൽ നിന്ന് ഇറങ്ങിവരുന്ന ഗ്രാമീണ ജനങ്ങളും ഷോപ്പിംഗിനെത്തുന്ന പ്രദേശം. ആളുകളുടെ കലപിലയും തലങ്ങും വിലങ്ങും ഓടുന്ന മോട്ടോർ വാഹനങ്ങളുടെ പെരുപ്പവുമൊക്കെ ചേർന്ന് ഒരു ചന്തപ്പറമ്പിന്റെ പ്രതീതിയാണ് ഈ പ്രദേശത്തിന്. ജയ്‌ഗോണിൽ നിന്ന് ഭൂട്ടാനിലെ അതിർത്തി പട്ടണമായ 'ഫുവെൻഷൊലിംഗി"ലേക്ക് ഒരു കന്മതിലിന്റെ അകലം മാത്രമേയുള്ളൂ.

സ്വർഗത്തിലേക്ക്

ഒരു കവാടം!

വളരെ ഉയരത്തിൽ കെട്ടിപ്പൊക്കിയ മതിലിനിടയിലെ കോട്ടവാതിൽ പോലെ തോന്നിക്കുന്ന ചെറിയ ഒരു ഗേറ്റ്‌വേയിലൂടെയാണ് ഭൂട്ടാനിലേക്ക് കടക്കേണ്ടത്. ജയ്‌ഗോണിന്റെ ബഹളമയമായ അന്തരീക്ഷത്തിൽ നിന്ന്‌

ഗേറ്റു കടന്ന് എത്തുന്നത് ആളും അനക്കവും കുറഞ്ഞ പ്രശാന്ത സുന്ദരമായ ഭൂട്ടാന്റെ ഭൂമികയിലേക്കാണ്. ഇന്ത്യക്കാർക്ക് ഭൂട്ടാൻ സന്ദർശിക്കാൻ പാസ്‌പോർട്ടോ വിസയോ ആവശ്യമില്ല. തിരിച്ചറിയൽ കാർഡും താമസ സൗകര്യത്തിന് ഹോട്ടൽ ബുക്ക് ചെയ്തതിന്റെ റസീറ്റും കാണിച്ചാൽ മതി.

'കൊട്ടാരവാതിൽ" കടന്ന് മുമ്പോട്ടു നടന്നാൽ എമിഗ്രേഷൻ ക്ലിയറൻസിനുള്ള ഓഫീസിലെത്താം. ഇന്ത്യയിലെ ഒരു ശരാശരി റെയിൽവേ സ്റ്റേഷനിലുള്ള സൗകര്യങ്ങളൊക്കെയേ ഈ ഓഫീസിലുള്ളൂ. ലളിതമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി,​ വളരെ പെട്ടെന്നുതന്നെ ഞങ്ങൾക്ക് പുറത്തു കടക്കാനായി. ഭൂട്ടാൻ സമയം ഇന്ത്യൻ സമയത്തേക്കാൾ അരമണിക്കൂർ മുമ്പിലാണ്. 'നെൽട്ര"മാണ് കറൻസി. ഏറെക്കുറെ ഇന്ത്യൻ രൂപയ്ക്ക് തുല്യമായ മൂല്യമാണ് ഇതിന്.

സമയം സന്ധ്യയോട് അടുത്തതിനാൽ ഒന്നാം ദിവസം ഞങ്ങൾ ഫുവൻ ഷൊലിംഗിൽ തന്നെ ഒരു ഹോട്ടലിൽ തങ്ങി. ആർഭാടങ്ങളോ കെട്ടുകാഴ്ചകളോ ഇല്ലാത്ത,​ ശുചിത്വമുള്ള മുറികൾ. കേരളത്തിലെ ഒരു ഹെറിറ്റേജ്‌ ഹോട്ടലിൽ കയറിയ ഫീലിംഗ്! ഭൂട്ടാന്റെ തനതായ രീതിയാണെങ്കിലും കേരളീയ രുചിഭേദങ്ങളോട് പൊരുത്തപ്പെട്ടു പോകുന്ന ഭക്ഷ്യവിഭവങ്ങൾ. ഭൂട്ടാനിൽ ഭൂരിപക്ഷവും ബുദ്ധമത വിശ്വാസികളാണെങ്കിലും

സസ്യഭക്ഷണത്തോടൊപ്പം സസ്യേതര ഭക്ഷണവും ഇവിടെ ലഭ്യമാണ്. ഇന്ത്യ,​ ചൈനീസ്,​ തായ്ലന്റ് ഭക്ഷണങ്ങൾ ഹോട്ടലുകളിൽ കിട്ടും.

ഭൂട്ടാന്റെ ദേശീയ ഭക്ഷണമാണ് 'ഇമദട്ട് ഷി." ഉള്ളിയും മുളകും ചീസും വെണ്ണയുമെല്ലാം ചേർത്തുണ്ടാക്കിയ എരിവുള്ള ഒരു ഭക്ഷ്യ വിഭവം. എരിവും മസാലകളുമൊക്കെ ഭൂട്ടാൻ ജനതയുടെ ഭക്ഷ്യ സംസ്‌കാരത്തിന്റെ ഭാഗം തന്നെയാണ്. ഭൂട്ടാന്റെ ദേശീയ മൃഗമാണ് ടാക്കിനുകൾ. ആടിന്റെയും മാനിന്റെയും ചെമ്മരിയാടിന്റെയും ഒരു സമ്മിശ്ര രൂപം. ഹോട്ടലുകളിൽ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് സ്ത്രീകളാണ്. ഹോട്ടലിലായാലും കച്ചവട സ്ഥാപനങ്ങളിലായാലും പൊതുസ്ഥലങ്ങളിലായാലും ഭൂട്ടാനിൽ എവിടെയും പൊതുരംഗത്ത് സ്ത്രീകൾ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. ഹോട്ടൽ മുറികൾക്ക് ഏറെക്കുറെ കേരളത്തിലെ വാടക നിരക്കുകളേയുള്ളൂ.

മലമുകളിലെ

ബുദ്ധക്ഷേത്രം

രണ്ടാം ദിവസം അതിരാവിലെ തന്നെ ഞങ്ങൾ ഒരു ട്രാവലർ വണ്ടിയിൽ 175 കിലോമീറ്റർ അകലെയുള്ള ഭൂട്ടാന്റെ തലസ്ഥാനമായ 'തിംഫു"വിലേക്ക് തിരിച്ചു. യാത്രയ്ക്ക് അഞ്ച് മണിക്കൂറിലധികം സമയമെടുത്തെങ്കിലും ഇടതൂർന്ന് വളരുന്ന മരങ്ങൾക്കിടയിലൂടെ പ്രകൃതിദൃശ്യങ്ങളിൽ കണ്ണുടക്കിപ്പോയതിനാൽ ആ സമയ ദൈർഘ്യമൊന്നും അനുഭവപ്പെട്ടില്ല. യാത്രയ്ക്കിടയിൽ കാഴ്ചകൾ കാണാനായി രണ്ട് ഇടത്താവളങ്ങളിൽ ഇറങ്ങി. പതിനാലാം നൂറ്റാണ്ടിൽ പണിത 'ഗർബന്ധി ഗുംബ" എന്ന ബുദ്ധ ഗുഹാക്ഷേത്രമായിരുന്നു ആദ്യത്തേത്. പിന്നെ,​പരമയോഗിയായി ചരിത്രം രേഖപ്പെടുത്തിയ മിലരേപയുടെ സ്മരണയിൽ പടുത്തുയർത്തിയ 'മിലരേപ ലഖാംഗ്" എന്ന ക്ഷേത്രം. മിലരേപ ഇവിടെ വന്ന് ദിവസങ്ങളോളം ധ്യാനത്തിലിരുന്നതായി വിശ്വസിക്കപ്പെടുന്നു.

പിന്നീടുള്ള രണ്ടു ദിവസങ്ങൾ തിംഫുവിന്റെ നഗരക്കാഴ്ചകൾക്കുള്ളതായിരുന്നു. ഭൂട്ടാന്റെ പാരമ്പര്യവും സാംസ്‌കാരിക തനിമയും ഇടകലർന്ന, ആസൂത്രണം ചെയ്യപ്പെട്ട ശുചിത്വമുള്ള നഗരം. ഒട്ടേറെ ചരിത്ര സ്മാരകങ്ങളും സാംസ്‌കാരിക പ്രതീകങ്ങളും കച്ചവട സ്ഥാപനങ്ങളും ഉല്ലാസ കേന്ദ്രങ്ങളുമുള്ള നഗരമാണ് തിംഫു. വാഞ്ചി നദിക്കരയിലുള്ള 'താഷികോസോങ്" എന്ന കെട്ടിട സമുച്ചയത്തിലാണ് ഭരണ നിർവഹണത്തിനുള്ള സെക്രട്ടറിയേറ്റ്. ഭരണഘടനാപരമായി രാജവാഴ്ച നിലനിൽക്കുന്ന രാജ്യമാണ് ഭൂട്ടാൻ. രാജാവിന്റെ ആസ്ഥാനം തിംഫുവിലാണ്.

പാരമ്പര്യവും ആധുനികതയും കൈകോർത്ത നിർമ്മിതിയാണ് രാജകൊട്ടാരത്തിന്റേത്. ഭൂട്ടാന്റെ ദേശീയ സ്മാരകങ്ങളിലൊന്നായ 'ചോർട്ടൻ" എന്ന വിശ്വാസ സങ്കേതം ഇവിടെയാണ്. മന്ത്രോച്ചാരണങ്ങളും ജപമാലകളുമായി ആളുകൾ ഇവിടെ സദാസമയവും പ്രദക്ഷിണം ചെയ്യുന്നു. ഭൂട്ടാന്റെ പല ഭാഗങ്ങളിലായി വിന്യസിക്കപ്പെട്ടിരിക്കുന്ന ക്ഷേത്ര സമുച്ചയങ്ങളാണ്‌ സോങ്ങുകൾ. വെള്ളപൂശിയ ഉയർന്ന കന്മതിലുകളാൽ ചുറ്റപ്പെട്ട ക്ഷേത്രത്തിനകത്ത് തടികൊണ്ട് നിർമ്മിച്ച കോവിലുകൾ. നെയ്‌വിളക്കിന്റെയും കുന്തിരിക്കത്തിന്റെയും ഗന്ധം നിറഞ്ഞ അന്തരീക്ഷം.

ഭൂട്ടാനിലെ ഏറ്റവും പഴക്കംചെന്ന സോങ്ങാണ് തിംഫു നഗരത്തിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന 'സിംതോഘ്‌സോംഗ്." 1627- ലാണ് ഇത് പണികഴിപ്പിച്ചിട്ടുള്ളത്. തടികൊണ്ട് നിർമ്മിച്ച പാലം കടന്നു വേണം ക്ഷേത്രത്തിലെത്താൻ. പഴക്കത്തിലും വലിപ്പത്തിലും രണ്ടാം സ്ഥാനത്തുള്ളത് 'പുനഖ സോങ്ങാ"ണ്. പ്രൗഢഭംഗിയോടെ നിൽക്കുന്ന ഇത് തിംഫു നഗരത്തിൽ നിന്ന് 72 കിലോമീറ്റർ അകലെയാണ്. വെങ്കലത്തിൽ നിർമ്മിച്ച് സ്വർണം പൂശിയ,​ 50 മീറ്റർ ഉയരമുള്ള ബുദ്ധപ്രതിമ ഇവിടുത്തെ വിസ്മയ കാഴ്ചകളിലൊന്നാണ്.

ഉയരമേറിയ

ബുദ്ധപ്രതിമ

നഗരത്തിൽ നിന്ന് ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന 169 അടി ഉയരത്തിലുള്ള,​ വെങ്കലംകൊണ്ട് നിർമ്മിച്ച 'ബുദ്ധഡോർഡൻമ" പ്രതിമ ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ബുദ്ധ പ്രതിമകളിൽ ഒന്നാണ്. യുദ്ധത്തിൽ മരിച്ച ഭൂട്ടാനീസ് പടയാളികളുടെ സ്മരണാർത്ഥം 2003- ൽ നിർമ്മിച്ച 108 സ്തൂപങ്ങൾ അടങ്ങിയ ഡോച്ചുല, സാർക്ക് ബിൽഡിംഗ്, നാഷണൽ ലൈബ്രറി, ഹെറിറ്റേജ് മ്യൂസിയം, ആർട്ട് ഗാലറി തുടങ്ങി,​ കണ്ടാലും കണ്ടാലും മതിവരാത്ത ഒട്ടേറെ കാഴ്ചകൾ ഇനിയുമുണ്ട് തിംഫു നഗരത്തിൽ.

തിംഫു കഴിഞ്ഞാൽ ഭൂട്ടാനിലെ രണ്ടാമത്തെ പ്രധാന നഗരമാണ് പാറോ. നാല് വശങ്ങളിലും ഇടതൂർന്ന വനങ്ങൾ കാവൽ നിൽക്കുന്ന നഗരം. 'കടുവക്കൂട്" എന്നറിയപ്പെടുന്ന മലമുകളിലെ 'തക്സങ്" ക്ഷേത്രസമുച്ചയം, അന്തർദ്ദേശീയ വിമാനത്താവളം, ദേശീയ മ്യൂസിയം, ക്ഷേത്രങ്ങൾ തുടങ്ങി എണ്ണമറ്റ കാഴ്ചകളുമായി പാറോ നഗരം സഞ്ചാരികളെ കാത്തിരിക്കുകയാണ്.

ഭൂട്ടാൻ ജനതയുടെ ചരിത്രപരവും സാംസ്‌കാരികവുമായ അസ്തിത്വത്തിന്റെ അടിവേരുകൾ കിടക്കുന്നത് പാറോയുടെ ഈ മലനിരകളിലാണ്. എട്ടാം നൂറ്റാണ്ടിൽ,​ 'പത്മസംഭവൻ" എന്ന ധ്യാന ഗുരു ഇവിടെനിന്ന് വിതറിയ ബുദ്ധമതത്തിന്റെ വിത്തുകൾ ഭൂട്ടാൻ മണ്ണിലാകെ വീണു മുളച്ച്,​ പടർന്നു പന്തലിച്ച് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നാടായി ഭൂട്ടാനെ വികസിപ്പിച്ചെടുത്തു. ഈ സാംസ്‌കാരിക ധാരയുടെ പിൻബലത്തിലാണ് പതിനേഴാം നൂറ്റാണ്ടിൽ 'ശബ് ക്രൂങ് നാവാഗ്നംഗ്യാൽ" എന്ന ഭരണാധികാരി രാജ്യത്തെ ഏകീകരിച്ച് ഇന്നത്തെ നിലയിലുള്ള ഭൂട്ടാന്റെ ഭൂമിശാസ്ത്രം രൂപപ്പെടുത്തിയത്.

(ബോക്സ്)​

മലമുകളിലെ

കടുവക്കൂട്

ഭൂട്ടാൻ ജനതയുടെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് 'മലമുകളിലെ കടുവക്കൂട്" എന്നറിയപ്പെടുന്ന തക്സങ് ക്ഷേത്ര സമുച്ചയം. ഭൂട്ടാനിൽ ബുദ്ധമതം സ്ഥാപിച്ച ഗുരു പത്മസംഭവൻ ധ്യാനിച്ചതായി പറയപ്പെടുന്ന കടുവാ മടയാണ് പിന്നീട് സന്യാസ ആശ്രമമായി മാറിയത്. കടുവയുടെ പുറത്തുകയറിയാണ് പത്മസംഭവൻ ഇവിടെ എത്തിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. മൂന്നു വർഷവും മൂന്നുമാസവും മൂന്ന് ആഴ്ചയും മൂന്ന് ദിവസവും മൂന്നു മണിക്കൂറും അദ്ദേഹം ഇവിടെ ധ്യാനനിരതനായിരുന്നുവത്രേ!

ഈ ബുദ്ധ മൊണാസ്ട്രി സ്ഥിതി ചെയ്യുന്ന മലമുകളിലെത്താനുള്ള അടിവാരത്തേക്ക് നഗരത്തിൽ നിന്ന് 10 കിലോമീറ്റർ സഞ്ചരിക്കണം. അതുകഴിഞ്ഞ്,​ വനത്തിലെ ചെങ്കുത്തായ കഠിനപാതയിലൂടെ ഏഴ് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാലേ 'ടൈഗർനെസ്റ്റ്" എന്ന ഈ മൊണാസ്ട്രിയിൽ എത്താനാവൂ. സമുദ്രനിരപ്പിൽ നിന്ന് 3120 മീറ്റർ ഉയരത്തിൽ,​ മലനിരകളാൽ ചുറ്റപ്പെട്ട പ്രശാന്ത സുന്ദരമായ ഒരു പ്രദേശമാണിത്.

1692-ലാണ് ഗുരു പദ്മസംഭവന്റെ സ്മരണാർത്ഥം ഈ ക്ഷേത്രം പണിതത്. തട്ടുതട്ടായി കിടക്കുന്ന മലനിരകളുടെ ഘടനയിൽ മാറ്റമൊന്നും വരുത്താതെ,​ മൂന്നു തട്ടുകളായാണ്‌ ക്ഷേത്രം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ക്ഷേത്രത്തിന്റെ തറയും ചുവരുകളുടെ ഭൂരിഭാഗവും മലയുടെ ഭാഗം തന്നെ. ജീവിതത്തിൽ ഒരിക്കലെങ്കിലും മലകൾ ചവിട്ടി ഇവിടെ എത്തണമെന്നത് ഓരോ ഭൂട്ടാൻ പൗരന്റെയും ജീവിതാഭിലാഷമാണ്.

(ലേഖകന്റെ ഫോൺ: 94460 97241)​

...............................

ധൂമപഞ്ജരം

ഫിഡൽ കാസ്ട്രോയുടെ പ്രണയ സഞ്ചാരങ്ങളുടെ കഥയായ 'ധൂമപഞ്ജര"ത്തിന്റെ രണ്ടാംഭാഗം ഈ ലക്കത്തിൽ ചേർക്കാൻ കഴിഞ്ഞിട്ടില്ല. അടുത്ത ലക്കത്തിൽ തുടർന്നു വായിക്കുക.