അമൃതകിരണം സനാതനധർമ്മം എന്ന വിശാലത
ഭാരതം ഋഷികളുടെ നാടാണ്. ഭാരതത്തിന് എന്നല്ല, ലോകത്തിനു മുഴുവൻ ശക്തിചൈതന്യം പകർന്നുകൊണ്ടിരിക്കുന്നത് അവരാണ്. അവരുടെ ധ്യാനത്തിലും തപസിലും വെളിവാക്കപ്പെട്ട തത്വങ്ങളും മൂല്യങ്ങളുമാണ് ഇന്ന് സനാതനധർമ്മം എന്ന് അറിയപ്പെടുന്നത്. ലോകത്തിനു മുഴുവൻ നന്മയും ശ്രേയസും നൽകുന്നതാണ് ആ തത്വങ്ങൾ. ഏറ്റവും ഉന്നതമായ സത്യദർശനവും സമസ്ത ജീവരാശികളിലേക്കും വഴിഞ്ഞൊഴുകുന്ന കാരുണ്യവും സനാതന ധർമ്മത്തിന്റെ സവിശേഷതയാണ്.
ഇക്കാണായ സർവതും ഒരേ ഈശ്വരചൈതന്യം തന്നെയാണെന്ന സമദർശനത്തിൽ നിന്ന് സർവ ജീവരാശികളോടുമുള്ള കാരുണ്യം ഉദിച്ചു. എല്ലാം ഒരേ സത്യത്തിന്റെ ഭിന്നമുഖങ്ങളാകയാൽ ഏറ്റവും ചെറിയ ജീവിയെപ്പോലും ആദരിക്കാനും ആരാധിക്കാനും നമ്മുടെ സംസ്‌കാരം പഠിപ്പിച്ചു. ഇടതുകൈ വേദനിച്ചാൽ വലതുകൈകൊണ്ട് തലോടും. കാരണം രണ്ടും ഒന്നിന്റെ തന്നെ ഭാഗങ്ങളാണ്. ഒന്നിന്റെ സൗഖ്യവും വേദനയും മറ്റേതിന്റെ സൗഖ്യവും വേദനയുമാണ്. അതിനാൽ മറ്റുള്ളവരുടെ വേദന നമ്മുടെ വേദനയായും അവരുടെ സുഖം നമ്മുടെ സുഖമായും കണ്ട് സ്നേഹിക്കാനും സേവിക്കാനും സനാതനധർമ്മം പഠിപ്പിക്കുന്നു.
ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ജനങ്ങളുമായി സമ്പർക്കം വളർന്നപ്പോൾ സനാതനധർമ്മം പിൽക്കാലത്ത് ഹിന്ദുമതം അഥവാ ഹിന്ദുധർമ്മം എന്ന് അറിയപ്പെടാൻ തുടങ്ങി. സമഗ്രതയും വിശാലതയുമാണ് സനാതനധർമ്മത്തിന്റെ മുഖമുദ്ര. ഒരോ വ്യക്തിയെയും അവരവരുടെ തലത്തിലേക്ക് ഇറങ്ങിച്ചെന്ന് ഉദ്ധരിക്കുക എന്നതാണ് സനാതനധർമ്മത്തിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ അവനവന് ഇഷ്ടമുള്ള രൂപത്തിലും ഭാവത്തിലും ഈശ്വരനെ ആരാധിക്കാനും ആരാധിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം സനാതനധർമ്മം ഓരോ വ്യക്തിക്കും നൽകുന്നു.
അങ്ങനെയാണ് അനേകം സാധനാരീതികളും സമ്പ്രദായങ്ങളും നിലവിൽ വന്നത്. എണ്ണമറ്റ ശാസ്ത്രങ്ങളും വിദ്യകളും വികസിച്ചു. എത്രതന്നെ വൈവിധ്യത്തെ ഉൾക്കൊണ്ടാലും, സർവരും സർവതും അടിസ്ഥാനപരമായി ഏകമായ ഈശ്വരചൈതന്യം തന്നെ എന്ന തത്വമാണ് സനാതന ധർമ്മത്തിന്റെ അടിത്തറ. സനാതനധർമ്മവും ഭാരതസംസ്കാരവും നമുക്ക് അമ്മയാണ്. ആ സംസ്‌കാരവുമായുള്ള ബന്ധം നഷ്ടപ്പെട്ടാൽ നാം നൂലുപൊട്ടിയ പട്ടം പോലെയാകും. മറിച്ച് ആ സംസ്കാരത്തെ ഉൾക്കൊണ്ടു ജീവിച്ചാൽ ശാന്തിയും ഐശ്വര്യവും പുലരുന്ന ഒരു ലോകം പടുത്തുയർത്തുവാൻ കഴിയും.
നമ്മുടെ അനേകം പ്രശ്നങ്ങളുടെ മൂലകാരണം സനാതനധർമ്മത്തിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ്. ഈ അജ്ഞതയും അതിൽ നിന്നുണ്ടാകുന്ന അനൈക്യവുമാണ് ഇന്ന് സനാതനധർമ്മം നേരിടുന്ന വെല്ലുവിളി. നമ്മുടെ കുഞ്ഞുങ്ങൾക്ക് ചെറുപ്രായത്തിൽ തന്നെ നല്ല മൂല്യങ്ങളും നല്ല സംസ്കാരവും പകർന്നു നൽകണം. അതിന് ആദ്യം മാതാപിതാക്കൾ അവ ഉൾക്കൊള്ളണം.സംസ്കാരത്തെക്കുറിച്ചും ധർമ്മത്തെക്കുറിച്ചും അറിവ് പകർന്നു നൽകാനുള്ള സാഹചര്യങ്ങളും സംവിധാനങ്ങളും ഉണ്ടാകണം. നമ്മെ നാമാക്കി വളർത്തിയ സംസ്‌കാരത്തോട് നമുക്കൊരു കടപ്പാടുണ്ട്.
ഇങ്ങനെ പറയുന്നത് സങ്കുചിതമായ കാഴ്‌ചപ്പാടല്ലേ എന്ന് ചോദിക്കുന്നവരുണ്ട്.തള്ളപ്പക്ഷിയുടെ ചിറകിൻ കീഴിൽ വളരുന്നതുകൊണ്ടാണ് കിളിക്കുഞ്ഞുങ്ങൾക്ക് ആകാശത്ത് പറന്നുയരാൻ കഴിയുന്നത്. മണ്ണിൽ ആഴത്തിൽ വേരിറങ്ങുന്നതുകൊണ്ടാണ് വൃക്ഷങ്ങൾക്ക് ആകാശത്തിന്റെ ഉയരങ്ങളിലേയ്ക്ക് വളരാൻ കഴിയുന്നത്. അതുപോലെ സ്വന്തം സംസ്കാരത്തെക്കുറിച്ചുള്ള അറിവും അഭിമാനവുമാണ് സമൂഹത്തിന് വളരാൻ കരുത്ത് നൽകുന്നത്.