ചിന്താമൃതം മനുഷ്യർ മാത്രമെന്തേ പിഴച്ചുപോയി?
"വേഴാമ്പൽ (Hornbill) നമ്മുടെ സംസ്ഥാന പക്ഷിയാണ്.അപ്രകാരംസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാവരും എല്ലാം അറിഞ്ഞിരിക്കണമെന്നൊരു നിയമം നമ്മുടെ നാട്ടിലുണ്ടോ? ഉണ്ടല്ലോ, അത് 'നിയമ'ത്തിന്റെ കാര്യത്തിൽ മാത്രമേയുള്ളൂ!എന്നുവച്ചാൽ, രാജ്യത്തെ എല്ലാ 'നിയമങ്ങളും" എല്ലാ പൗരന്മാരും അറിഞ്ഞിരിക്കണമെന്നാണ് അടിസ്ഥാനനിയമം. ഒന്നുകൂടി വ്യക്തമാക്കിയാൽ, ഒരു കുറ്റകൃത്യം ചെയ്തതിനു ശേഷം അപ്രകാരം ചെയ്തത് ഒരു കുറ്റകൃത്യമാണെന്ന് തനിക്കറിയില്ലായിരുന്നു എന്നൊരു വാദം ആരെങ്കിലും ഉന്നയിച്ചാൽ നിയമപ്രകാരം അത് നിലനിൽക്കില്ല.
എങ്കിൽ പറയൂ, നമ്മുടെ സംസ്ഥാന പക്ഷിയായവേഴാമ്പലിനെ ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനം അവരുടെ സംസ്ഥാന പക്ഷിയായി അംഗീകരിച്ച് ഉത്തരവായിട്ടുണ്ടോ?ഉണ്ട്; അരുണാചൽ പ്രദേശ്. അത്രയുംപ്രതീക്ഷിച്ചില്ല, അല്ലേ! സൗന്ദര്യത്തേക്കാൾ വേഴാമ്പലുകളുടെ ജീവിത രീതിക്കാണ് ഏറെ പ്രത്യേകതയുള്ളത്. ജീവിതത്തിൽ ഒരുപങ്കാളി മാത്രമേ വേഴാമ്പലിന് ഉണ്ടാവുകയുള്ളൂ! ഞാൻ പറഞ്ഞുകൊണ്ടിരി ക്കുന്നത് പാവമൊരു പക്ഷിയുടെ കാര്യമാണ്. അല്ലാതെ, വിവേകമുണ്ടെന്ന്എല്ലാവരും ധരിച്ചിരി ക്കുന്ന, 'അവിവേകികളായചില മനുഷ്യരുടെ" കാര്യമല്ല!
വേഴാമ്പലുകളെ, അത്തരം നല്ല പാഠങ്ങൾ പഠിപ്പിച്ച പള്ളിക്കൂടം ഏതാണെന്നറിയാമോ?കുടുംബ കോടതികളിൽ 'പോർവിളിമുഴക്കി" നില്ക്കുന്ന ചിലരെയെങ്കിലും നമുക്ക് അവിടെ അയച്ചുകൂടേ? ചിലപ്പോഴങ്ങു രക്ഷപ്പെട്ടാലോ!" ഇ ത്രയും പറഞ്ഞുകൊണ്ട് പ്രഭാഷകൻ, സദസ്യരെ നോക്കിയപ്പോൾ, എല്ലാവരും കൗതുകത്തോടെ പ്രഭാ ഷകനെ ശ്രദ്ധിച്ചിരിക്കുന്നതാണ് കണ്ടത്. പ്രഭാഷകൻ തുടർന്നു: 'പ്രകൃതിയിലെ ജീവജാലങ്ങളിൽ വ്യത്യസ്ത സ്വഭാവ സവിശേഷതകളുള്ള ഒരു പക്ഷിയാണ് വേഴാമ്പൽ. അത് മുട്ടയിടാനായി ശിഖരങ്ങളില്ലാത്ത, ഏറ്റവും ഉയരമുള്ള മരത്തിലെ പൊത്താണ് തിരഞ്ഞെടുക്കുക. പെൺപക്ഷി പൊത്തിൽകയറിയാൽ തൂവലുകൾ പൊഴിക്കും. ഈ തൂവലുകളാണ് മുട്ടയ്ക്ക് പട്ടുമെത്തയൊരുക്കുന്നത്.
മുട്ട വിരിയാൻ 45– 50 ദിവസമെടു ക്കും. ഇത്രയും ദിവസംകൂട്ടിൽ നിന്ന് പെൺവേഴാമ്പൽ പുറത്തിറങ്ങില്ല. ആൺ പക്ഷി, ചെളിയും കാഷ്ഠവുംഉപയോഗിച്ച് പൊത്ത് അടയ്ക്കുകയുംചെയ്യും. കൊക്ക്പുറത്തേക്കിട്ട് തീറ്റ സ്വീകരിക്കാനുള്ള ചെറിയൊരു ദ്വാരം മാത്രമേ പൊത്തിൽ ഉണ്ടാവൂ. പിന്നീടാണ് ആൺപക്ഷിയുടെ അദ്ധ്വാനം തുടങ്ങുന്നത്. ആൺപക്ഷി തൊണ്ട നിറയെ പഴങ്ങൾ ശേഖരിച്ച് അവന്റെ പ്രിയതമയ്ക്കെത്തിക്കുക പതിവായിരുന്നു. പുലർച്ച വെട്ടംകാണുമ്പോൾ തുടങ്ങുന്ന അതികഠിനമായ അദ്ധ്വാനം അസ്തമയംവരെ തുടരും.
രാത്രി, അടുത്ത മരക്കൊമ്പിൽ അവൻ ഉറങ്ങാതെ കാവലിരിക്കുമ്പോഴാണ് ഒരു കാട്ടുകള്ളൻ അവനു നേരെ നിറയൊഴിച്ചത്. അത് ഉന്നം തെറ്റി, ആ സാധുജീവിയുടെ കാലുകളെ തകർത്തു. അവൻ നിലത്തുവീണു. പക്ഷേ, ഓടിയെത്തിയ കാട്ടുകള്ളന്, അപ്പോഴേക്കും ഒരു കരിയിലക്കൂമ്പാരത്തിൽ ഒളിച്ചുകിടന്ന ആൺകിളിയെ കണ്ടെത്താനായില്ല. അടുത്ത ദിവസം ബോധം തെളിഞ്ഞപ്പോൾ അവന്റെ കാലുകൾ ഉറുമ്പുകൾ കൊണ്ടുപോയിക്കഴിഞ്ഞിരുന്നു. തന്റെ പ്രിയതമയും പിറക്കാൻ പോകുന്ന കുഞ്ഞുങ്ങളും തീറ്റയില്ലാതെ മരിച്ചുപോകുമോ എന്ന ദു:ഖത്തിൽ ദിവസങ്ങളോളം അവൻ നീറിനീറി അവിടെക്കിടന്നു.
ഒടുവിൽ, പല ദിവസങ്ങളിലെ പരിശ്രമംകൊണ്ട് അവൻ കാട്ടിലൂടെ ഇഴഞ്ഞ്, ഒരുദിവസം അവന്റെ പ്രിയതമയെ പാർപ്പിച്ചിരുന്ന മരത്തിന്റെ ചുവട്ടിലെത്തി. പക്ഷെ, കാലുകൾ നഷ്ടപ്പെട്ട അവന് ചിറകടിക്കാനല്ലാതെ, പറക്കാൻ കഴിയുമായിരുന്നില്ല. അതെല്ലാം കണ്ടുകൊണ്ട് രണ്ട് ഇണക്കുരുവികൾ അവിടെയുണ്ടായിരുന്നു. അവറ്റകൾ പോയി, അധികംവൈകാതെ മറ്റുചിലരുമായി മടങ്ങിയെത്തി. അവന് വിശ്വസിക്കാനായില്ല- അവിടെ വന്നവർ അവന്റെ പ്രിയതമയും കുഞ്ഞോമനകളുമായിരുന്നു!ആ മുട്ടകൾ വിരിഞ്ഞു വരുന്നതുവരെ, അമ്മക്കിളിയെ തീറ്റനല്കി രക്ഷിച്ചതോ, ആ ഇണക്കുരുവികൾ! ഇതൊക്കെ കണ്ട് സന്തുഷ്ടനായ സർവശക്തൻ ആത്മഗതംപോലെ പറഞ്ഞുവത്രെ: 'എന്റെ സൃഷ്ടികളിൽ, മനുഷ്യർ മാത്രമെന്തേ പിഴച്ചുപോയി?" പ്രഭാഷകൻ നിറുത്തിയപ്പോൾ, കണ്ണുനീരിൽ കാഴ്ചമറഞ്ഞതിനാൽ സദസ്യരിൽ പലരും പരസ്പരം കാണാൻ കഴിയാത്ത അവസ്ഥയിലായിരുന്നു!