സമ്മാനം നൽകാമെന്ന് പറഞ്ഞ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം; കോഴിക്കോട് അദ്ധ്യാപകൻ  അറസ്റ്റിൽ

Saturday 10 January 2026 6:51 PM IST

കോഴിക്കോട്: ഒമ്പതാം ക്ലാസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച് അദ്ധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് നല്ലളം സ്വദേശി സജീന്ദ്ര ബാബുവാണ് അറസ്റ്റിലായത്. വിദ്യാർത്ഥിയുടെ പിറന്നാളിന് സമ്മാനം നൽകാമെന്ന് പറഞ്ഞാണ് സജീന്ദ്ര ബാബു പീഡിപ്പിക്കാൻ ശ്രമിച്ചത്.

സമ്മാനം വീട്ടിലായതിനാൽ കൂടെ വരണമെന്ന് അദ്ധ്യാപകൻ വിദ്യാർത്ഥിയോട് പറഞ്ഞു. ബെെക്കിൽ കുട്ടിയെയും കൂട്ടി വീട്ടിലെത്തിയശേഷം ഇയാൾ മോശമായി പെരുമാറാൻ തുടങ്ങി. പീഡനശ്രമം കുട്ടി ചെറുത്ത് വീട്ടിൽ നിന്ന് ഇറങ്ങിഓടുകയായിരുന്നു. പിന്നാലെ കുട്ടി ഒരു ബന്ധുവിനോട് വിവരം പറയുകയായിരുന്നു. വീട്ടുകാരാണ് വിവരം സ്കൂൾ അധികൃതരെ അറിയിച്ചത്. തുടർന്ന് സ്കൂൾ അധികൃതർ നല്ലളം പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയെടുത്തശേഷം പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ അദ്ധ്യാപകനെ റിമാൻഡ് ചെയ്തു.

അതേസമയം, പാലക്കാട് മലമ്പുഴയിൽ മദ്യം നൽകി അദ്ധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ നിർണായക നീക്കവുമായി പൊലീസ് രംഗത്ത്. സ്‌കൂളിൽ ഏഴ് വിദ്യാർത്ഥികളിൽ നിന്നും മൊഴി ശേഖരിച്ചിട്ടുണ്ട്. ഇവർക്ക് അദ്ധ്യാപകനിൽ നിന്ന് സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. സ്കൂളിലെ കൂടുതൽ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകാനാണ് നിലവിലെ തീരുമാനം. സിഡബ്ല്യുസി കൗൺസിലർമാരുടെ മുഴുവൻ സമയ സേവനവും സ്കൂളിൽ ഏർപ്പെടുത്തും.

സ്കൂളിൽ നടത്തിയ ആദ്യഘട്ട കൗൺസിലിംഗിലാണ് ഏഴ് വിദ്യാർത്ഥികൾ അദ്ധ്യാപകനെതിരെ മൊഴി നൽകിയത്. സിഡബ്ല്യുസി വീണ്ടും ഈ വിദ്യാർഥികളുടെ മൊഴിയെടുക്കും. മൊഴി നൽകിയവരിൽ ആറ് പേരുടേത് ഗുരുതര സ്വാഭാവമുള്ളതാണെന്നാണ് വിവരം. ഇതിൽ ചിലരെ അദ്ധ്യാപകൻ താമസിക്കുന്ന സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചെന്നും ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുണ്ടെന്നും മൊഴിയിലുണ്ട്.