നെൽപ്പാടങ്ങൾ തരിശാകുന്നു, കർഷകർക്ക് വൻ നഷ്ടം
നെയ്യാറ്റിൻകര: താലൂക്കിലെ ഹെക്ടർ കണക്കിന് നെൽവയൽ ഭൂമി തരിശാകുന്നു. നെൽകൃഷി ചെയ്യുന്ന പരമ്പരാഗത കർഷകർക്ക് വൻ നഷ്ടം. നെയ്യാറിലെ ജലത്തെ ആശ്രയിച്ചാണ് പല കൃഷിയിടങ്ങളിലും നെൽകൃഷിയും മറ്റ് കാർഷിക വിളകളും കൃഷി ചെയ്യുന്നത്. എന്നാൽ നെൽപ്പാടങ്ങളിൽ നിന്നും നെയ്യാറിലേക്ക് ഒഴുകിയെത്തുന്ന നീർച്ചാലുകളും കനാലുകളും പലയിടത്തുമായി അടയ്ക്കുന്നത് കാരണം നീരൊഴുക്ക് കുറയുന്നുണ്ട്. നെൽപ്പാട സംക്ഷണത്തിനായി സർക്കാർ കൃഷിഭവൻ വഴി ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പദ്ധതികൾ പലതും പാളി.
നെൽകൃഷി പരിപോഷിപ്പിക്കാനായി ചെങ്കൽ പ്രദേശത്ത് നെല്ല് പാടശേഖര സമിതികൾ രൂപീകരിച്ച് പ്രവർത്തനം നടത്തിയെങ്കിലും കാർഷിക ആവശ്യത്തിന് ജലലഭ്യത കുറഞ്ഞതുകാരണം നെൽകൃഷി ഉപേക്ഷിച്ച നിലയിലാണ്.
നെൽപ്പാടം നികത്തുന്നു
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമമനുസരിച്ച് ഡാറ്റാബാങ്കിലുള്ള നെൽപ്പാടങ്ങൾ മണ്ണിട്ട് നികത്താൻ പാടില്ല. എന്നാൽ പിരായുംമൂട് -ചെങ്കൽ പാടശേഖരങ്ങളിൽ ചില സ്വകാര്യ വ്യക്തികൾ നെൽപ്പാടം മണ്ണിട്ട് നികത്തി. ഇതിനെതിരെ നെൽപ്പാട ശേഖര സമിതികൾ രംഗത്തെത്തിയിട്ടുണ്ട്.
നടപടി വേണം
ചെങ്കൽ നെൽപ്പാടത്തിലേക്ക് ഒഴുകിയെത്തുന്ന ജലം തടസ്സപ്പെടുത്തിയ സ്വകാര്യ വ്യക്തികൾക്കെതിരെ പാടശേഖര സമിതി മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി.തുടർന്ന് സ്വകാര്യ വ്യക്തികൾക്കെതിരെ നടപടി സ്വീകരിക്കാൻ തഹസീൽദാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. അലത്തറയ്ക്കൽ പ്ലാവിള അങ്കണവാടിക്ക് സമീപമുള്ള ഭൂമി മണ്ണിട്ട് നികത്തിയതിനെതിരെയാണ് നടപടി.