ആവശ്യത്തിന് ജീവനക്കാരില്ലാതെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ
വെഞ്ഞാറമൂട്: ആവശ്യത്തിന് ജീവനക്കാരില്ലാതെ ജോലി ഭാരത്താൽ വീർപ്പുമുട്ടി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. 48ഓളം പൊലീസുകാർ വേണ്ട സ്റ്റേഷനിൽ ഇപ്പോഴുള്ളത് 43പേരാണ്.48എന്ന് കണക്കും രണ്ടുപതിറ്റാണ്ട് മുമ്പുള്ളതാണ്.ആറ്റിങ്ങൽ ഡിവിഷനിലെ ഭൂമിശാസ്ത്രപരമായും ജ്യൂറിസ്റ്റിക് പരിധിയിലും വിശാലമായ സ്റ്റേഷനാണിത്. അറുപത് പൊലീസുകാരെങ്കിലും വേണ്ടയിടത്താണ് 43 പേരുള്ളത്.
ഹോംഗാർഡുകളുടെ എണ്ണവും കുറവാണ്.കേശവദാസപുരം മുതൽ കൊട്ടാരക്കര വരെയുള്ള പാതയിൽ ഏറ്റവും തിരക്കുള്ള നാല് റോഡുകൾ ചേരുന്നയിടമാണ് വെഞ്ഞാറമൂട്.ഓവർബ്രിഡ്ജ് നിർമ്മാണം ആരംഭിച്ചതോടെ ഗതാഗതക്കുരുക്കും ഇവിടെ രൂക്ഷമാണ്.ഈ സന്ദർഭങ്ങളിൽ നാലോളം പൊലീസുകാരാണ് ഗതാഗതം നിയന്ത്രിക്കാനെത്തുന്നത്.വി.ഐ.പികൾ കടന്നു പോകുമ്പോൾ യാത്രയൊരുക്കാനും മറ്റുമായുള്ള ജീവനക്കാരുടെ എണ്ണവും കുറവാണ്.
ഇപ്പോഴുള്ളത് - 43പേർ
വേണ്ടത് - 48ഓളം പേർ
മുതലെടുത്ത് കള്ളന്മാർ
മിക്ക ദിവസങ്ങളിലും മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക പരിപാടികൾക്ക് സുരക്ഷയൊരുക്കാനായി,നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നവരെപ്പോലും വിളിച്ചുവരുത്തുന്ന അവസ്ഥയാണ്. ഇതിനിടയിൽ രാഷ്ട്രീയ സംഘടനങ്ങൾ,അക്രമങ്ങൾ,മോഷണം എന്നിവ കൂടിയാകുമ്പോൾ സമീപ സ്റ്റേഷനുകളിലെ പൊലീസുകാരെയാണ് വിളിക്കുന്നത്.വിശാല പരിധിയിലുള്ള സ്റ്റേഷനായതിനാൽ രാതികാല പട്രോളിംഗിനും എല്ലായിടത്തും ഉദ്യോഗസ്ഥരെക്കൊണ്ട് എത്തിപ്പെടാൻ കഴിയില്ല.ഇതുമുതലാക്കി രാത്രികാലങ്ങളിൽ ചെറുമോഷണങ്ങളും നടക്കുന്നുണ്ട്. ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫോട്ടോ: വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ