ലത്തീൻ സഭ വിവാദം: മേയർ പദവി നൽകിയത് പാർട്ടിയിലെ സീനിയോറിറ്റിയും കഴിവും പരിഗണിച്ച്,​ മലക്കംമറിഞ്ഞ് വി കെ മിനിമോൾ

Saturday 10 January 2026 7:09 PM IST

കൊച്ചി: തനിക്ക് മേയർ പദവി ലഭിക്കുന്നതിന് ലത്തീൻ സഭ സജീവമായി ഇടപെട്ടിട്ടുണ്ടെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി കൊച്ചി മേയർ വി.കെ.മിനിമോൾ. നടത്തിയത് വൈകാരിക പ്രതികരണമായിരുന്നെന്നും എല്ലാ സംഘടനകളും വ്യക്തികളും സഹായിച്ചിട്ടുണ്ടെന്നും മിനിമോൾ പറഞ്ഞു. എല്ലാവരോടുമുള്ള നന്ദി പറഞ്ഞുകൊണ്ടിരിക്കുകയാണ്. പാർട്ടി തന്റെ സീനിയോറിറ്റിയും കഴിവും പരിഗണിച്ചാണ് മേയർ പദവി നൽകിയതെന്നും വി.കെ. മിനിമോൾ വ്യക്തമാക്കി.

ലത്തീൻ സമുദായത്തിന്റെ ഉറച്ച ശബ്ദം ഉയർന്നതിന്റെ തെളിവാണ് തനിക്ക് ലഭിച്ച മേയർ പദവി എന്നായിരുന്നു കെ.ആർ.എൽ.സി.സി ജനറൽ അസംബ്ലിയിൽ മിനിമോൾ പറഞ്ഞത്. തനിക്ക് വേണ്ടി സഭയിലെ പിതാക്കന്മാർ സംസാരിച്ചുവെന്നും പദവികൾ നിശ്ചയിച്ചപ്പോൾ സമുദായത്തിന് സംഘടനാ ശക്തി തെളിയിക്കാൻ സാധിച്ചുവെന്നും മിനിമോൾ പറഞ്ഞു. ഇതിലാണ് മേയർ വിശദീകരണവുമായി രംഗത്തെത്തിയത്.

'ഞാൻ ഇന്ന് ഈ സ്ഥാനത്ത് നിൽക്കുന്നുണ്ടെങ്കിൽ അത് ലത്തീൻ സമുദായത്തിന്റെ ഉറച്ച ശബ്ദം സമൂഹത്തിന് മുന്നിൽ ഉയർന്നതിന്റെ തെളിവാണ്. അർഹമായ സ്ഥാനങ്ങൾ തീരുമാനിക്കപ്പെടുമ്പോൾ അവിടെ ശബ്ദമുയർത്താൻ നമ്മുടെ സംഘടനാ ശക്തിക്ക് സാധിച്ചു. എനിക്ക് വേണ്ടി സഭയിലെ പിതാക്കന്മാർ സംസാരിച്ചു. സഭയിൽ നിന്ന് ഉയർന്ന ആ ശബ്ദത്തിന് കൃത്യമായ ഉത്തരം ലഭിച്ചുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്.' മിനിമോൾ പറഞ്ഞു.

അതേസമയം,​ മേയർ പദവിയിലേക്കോ കോൺഗ്രസിലെ മറ്റ് നിർണായക സ്ഥാനങ്ങളിലേക്കോ ഉള്ള തിരഞ്ഞെടുപ്പിൽ സാമുദായിക ഇടപെടലുകൾ ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കൊച്ചി മേയർ പദവിക്കായി ലത്തീൻ സമുദായം ശക്തമായ അവകാശവാദം ഉന്നയിച്ചിരുന്നുവെന്ന സൂചനകളാണ് മിനിമോളുടെ വാക്കുകളിൽ നിന്നും പുറത്തുവരുന്നത്.