'17 -ാം വയസിൽ എനിക്കുണ്ടായ ആ അനുഭവം ഉൾക്കൊള്ളാൻ 30 വർഷം വേണ്ടിവന്നു'; വെളിപ്പെടുത്തലുമായി പാർവതി തിരുവോത്ത്
നിരവധി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് പാർവതി തിരുവോത്ത്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്നാണ് പാർവതിയെ എല്ലാവരും വിശേഷിപ്പിക്കുന്നത്. പലകാര്യങ്ങളിലും സോഷ്യൽ മീഡിയയിലൂടെ നടി അഭിപ്രായങ്ങൾ തുറന്നുപറയാറുണ്ട്.
ഇപ്പോഴിതാ കുട്ടിക്കാലത്ത് താൻ നേരിട്ട ഞെട്ടിക്കുന്ന അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് നടി. റെയിൽവേ സ്റ്റേഷനിൽ മാതാപിതാക്കൾക്കൊപ്പം നിൽക്കുമ്പോൾ ഒരാൾ വന്ന് നെഞ്ചിൽ അടിച്ചിട്ട് ഓടിപ്പോയെന്നും വെറുമൊരു സ്പർശനമല്ല മറിച്ച് വേദനിപ്പിക്കുന്ന മർദ്ദമായിരുന്നു അതെന്നും പാർവതി പറയുന്നു. ഫൗട്ടർഫ്ലെെക്ക് എന്ന് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
'ചെറുപ്പത്തിൽ റെയിൽവേ സ്റ്റേഷനിൽ വച്ച് ഒരു അനുഭവമുണ്ടായി. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഞാൻ നിന്നത്. ആരോ വന്ന് എന്റെ മാറിൽ അടിച്ചിട്ട് പോയി. തൊടുക പോലുമായിരുന്നില്ല, അടിക്കുകയായിരുന്നു. അന്ന് ഞാൻ ഒരു കുട്ടിയാണ്. നല്ല വിഷമമായിരുന്നു. വഴിയിലൂടെ നടക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് അമ്മ പറഞ്ഞുതന്നു. പുരുഷന്മാരുടെ കെെയിലേക്ക് നോക്കി നടക്കണമെന്നാണ് അമ്മ പറഞ്ഞത്. ഒരു അമ്മ തന്റെ പെൺകുട്ടിയെ ഇങ്ങനെ പറഞ്ഞുപഠിപ്പിക്കേണ്ട ഒരു സാഹചര്യം ഓർത്തുനോക്കൂ.
അതുമാത്രമല്ല, കുട്ടിക്കാലത്ത് എത്രയോ തവണ പുറകിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ കണ്ടിട്ടുണ്ട്, ചില പുരുഷന്മാർ മുണ്ട് പൊക്കി അവരുടെ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് നടന്നുവരുന്നത്. അന്ന് എന്താണ് സംഭവിക്കുന്നതെന്നോ എന്താണ് അവർ ചെയ്യുന്നതെന്നോ എനിക്ക് മനസിലായില്ലായിരുന്നു. 19 വയസൊക്കെ ആകുമ്പോഴാണ് നമ്മൾ പഴയ കാര്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുന്നത്. അപ്പോഴാണ് ഇത്തരം അനുഭവങ്ങൾ നമ്മുടെ ശരീരത്തെയും മനസിനെയും എത്രത്തോളം ബാധിച്ചെന്ന് തിരിച്ചറിയുന്നത്. എന്റെ വീട്ടുകാരല്ലാത്ത ഒരാളിൽ നിന്നുള്ള ശാരീരിക സ്പർശനങ്ങൾ അതിക്രമങ്ങൾ ആയിരുന്നു.
എനിക്ക് 17 വയസുള്ളപ്പോഴായിരുന്നു അത്. എനിക്ക് അറിയാവുന്ന ഒരാളിൽ നിന്ന് തന്നെയായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ നമുക്ക് ആരോടെങ്കിലും ക്രഷ് തോന്നും. ആ വ്യക്തി നമ്മളെ ഒരു സ്വകാര്യ ഇടത്തിൽ വച്ച് ഉപദ്രവിക്കുന്നു. നമ്മൾ അവരെ സ്നേഹിക്കുന്നുണ്ടെങ്കിൽ അത് അനുവദിച്ചുകൊടുക്കണം എന്ന രീതിയിൽ അവർ അതിനെ സാധാരണവൽക്കരിക്കുകയും ചെയ്യുന്നു. ഈ പറഞ്ഞ ആളോട് എനിക്ക് ക്രഷ് ഉണ്ടായിരുന്നു. അയാൾക്ക് കൺസെന്റ് എന്താണെന്ന് അറിയില്ല. എന്റെ ജീവിതത്തിൽ നടന്ന ഈ കാര്യങ്ങൾ തിരിച്ചറിയാനും അത് ഉൾക്കൊള്ളാനും എനിക്ക് മുപ്പത് വർഷങ്ങൾ വേണ്ടിവന്നു'- പാർവതി പറഞ്ഞു.