സംഭരണത്തിൽ സമവായം തേടി മന്ത്രിതല ചർച്ച ഇന്ന്
ആലപ്പുഴ: സഹകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പുഞ്ചകൃഷിയുടെ നെല്ല് സംഭരിക്കാനുള്ള ആലോചനകൾ തുടരവേ, മില്ലുടമകളുമായി സിവിൽ സപ്ളൈസ് മന്ത്രി ഇന്ന് നടത്തുന്ന ചർച്ചയിലാണ് കർഷകരുടെ പ്രതീക്ഷ. ഗോഡൗൺ സംവിധാനമോ, നെല്ല് കുത്തി അരിയാക്കി വിറ്റഴിക്കാനുള്ള സംവിധാനമോ സഹകരണ വകുപ്പിന് ഇല്ലെന്നിരിക്കെ സംഭരണ വിഷയത്തിൽ മില്ലുടമകളുടെ നിലപാട് നിർണായകമാകും.
പുഞ്ച സീസണിൽ നെല്ല് സംഭരിക്കാനുള്ള രജിസ്ട്രേഷൻ നടപടികൾ സപ്ളൈകോ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഈമാസമോ, അടുത്തമാസം ആദ്യമോ സംഭരണം ആരംഭിക്കേണ്ടതുണ്ട്. സഹകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തതോടെ നെല്ല് സംഭരിക്കാനുള്ള പദ്ധതിക്ക് പുഞ്ച സീസണിൽ തുടക്കം കുറിക്കണമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലെടുത്ത തീരുമാനം നടപ്പാക്കണമെങ്കിൽ സപ്ളൈകോയ്ക്ക് കടമ്പകൾ പലത് കടക്കേണ്ടതുണ്ട്.
കുട്ടനാട്ടിലെ ചമ്പക്കുളം, ചതുർത്ഥ്യാങ്കരി സഹകരണ സംഘങ്ങൾ മാത്രമാണ് നിലവിൽ സംഭരണത്തിന് തയ്യാറായി എത്തിയിട്ടുള്ളത്. ഇരു സംഘങ്ങൾക്കും നെല്ല് സംഭരിക്കാൻ 2000ക്വിന്റൽ ശേഷിയുളള രണ്ട് ഗോഡൗണുകളുണ്ട്. എന്നാൽ, ഇവർക്ക് കീഴിലുള്ള പാടശേഖരങ്ങളിലെ വിളവ് ഇതിന്റെ പത്തിരട്ടിയിലേറെ വരും. ഈ സാഹചര്യത്തിൽ സംഭരിക്കുന്ന നെല്ല് കുത്തി അരിയാക്കുന്നതിന് ഉൾപ്പടെ മില്ലുകാരുടെ സഹകരണം അനിവാര്യമാണ്. അതേസമയം, സ്വകാര്യ മില്ലുടമകൾ നെല്ല് സംഭരണത്തിന് തയ്യാറാകാത്ത സ്ഥിതിയുണ്ട്. നെല്ല് കുത്തി അരിയാക്കി സപ്ളൈകോയ്ക്ക് കൈമാറുമ്പോൾ കൈകാര്യചെലവിനത്തിൽ ഉൾപ്പടെയുണ്ടാകുന്ന നഷ്ടത്തിന്റെ പേരിലാണ് പിൻമാറ്റം.
മില്ലുകാരുടെ നിലപാട് നിർണായകം
1.സഹ.സ്ഥാപനങ്ങളുടെ നെല്ല് സംഭരണം വിജയപ്രദമാക്കാൻ സ്വകാര്യമില്ലുകൾ ഗോഡൗൺ വാടകയ്ക്ക് നൽകുമോയെന്നതുൾപ്പടെ ചർച്ച ചെയ്യുകയാണ് മന്ത്രിതല കൂടിക്കാഴ്ചയുടെ ലക്ഷ്യം
2. മില്ലുകാർ സഹകരിച്ചാൽ .ഗോഡൗണിന്റെയും നെല്ല് കുത്തി അരിയാക്കി വിൽക്കുന്നതിന്റെയും തലവേദനയ്ക്ക് താൽക്കാലികമായെങ്കിലും പരിഹാരം കാണാനാകും
3. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പരാതികൾക്കിടയില്ലാത്ത വിധം നെല്ല് സംഭരണം പൂർത്തിയാക്കി കർഷകർക്ക് പണം വിതരണം ചെയ്യാനും കഴിയും
4. നെല്ല് സംഭരിച്ച് അരിയാക്കി കേരള റൈസ് എന്നപേരിൽ വിപണിയിലെത്തിക്കാൻ കഴിഞ്ഞാൽ വിപ്ളവകരമായമാറ്റത്തിന് വഴിതുറക്കും
5. സഹകരണ സംഘങ്ങൾ വഴിയുള്ള നെല്ല് സംഭരണം നടക്കാതെ പോയാൽ പുഞ്ച സീസണിൽ ഒരിക്കൽ കൂടി മില്ലുടകളുടെ സഹകരണം തേടേണ്ടിവരും
സഹകരണ സംഘങ്ങളിൽ നിന്ന് പണം കണ്ടെത്തി ബാങ്കിംഗ് കൺസോർഷ്യത്തിന്റെ കടം വീട്ടുകയും നെല്ല് സംഭരണത്തിനുള്ള തുക സപ്ലൈകോയെ ഏൽപ്പിക്കുകയും ചെയ്താൽ ബുദ്ധിമുട്ടില്ലാതെ സംഭരണം പൂർത്തിയാക്കാനാകും
- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി