വർഗീയതയ്ക്കെതിരെ വിശ്വാസികളെ ഒപ്പം നിറുത്തി പോരാടും, ജമാ അത്തെ ഇസ്ലാമിക്കെതിരെ വിമർശനം ആവർത്തിച്ച് എം വി ഗോവിന്ദൻ
തിരുവനന്തപുരം: വർഗീയ രാഷ്ട്രീയത്തിനെതിരെ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് ജില്ലാഅടിസ്ഥാനത്തിൽ വിപുലമായ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഗാന്ധിയും ഗോഡ്സെയും തമ്മിലുള്ള വ്യത്യാസമാണ് യഥാർത്ഥ മതവിശ്വാസവും വർഗീയതയും തമ്മിലുള്ളതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂരിപക്ഷ വർഗീയതയുടെ രൂപമാണ് ആർ.എസ്.എസ് എങ്കിൽ ന്യൂനപക്ഷ വർഗീയതയുടെ പ്രമുഖ വിഭാഗമാണ് ജമാ അത്തെ ഇസ്ലാമിയെന്നും ഗോവിന്ദൻ ആവർത്തിച്ചു. ഈ സംഘടനകളെ വിശ്വാസവുമായി കൂട്ടിക്കലർത്തേണ്ടതില്ല. ഇവർക്കെതിരെ നടത്തുന്ന വിമർശനങ്ങളെ മാദ്ധ്യമങ്ങൾ ഉൾപ്പെടെ മതവിശ്വാസത്തിന് എതിരായ വിമർശനമായി ഉയർത്തിക്കാട്ടുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. നാടിന്റെ വിഷമായ ആർ,എസ്,എസിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരുപോലെ എതിർക്കും. വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ വിശ്വാസികളെ കൂടി അണിനിരത്തുമെന്നും അദ്ദേഹം അറിയിച്ചു.
മാറാട് കലാപത്തെ കുറിച്ച് പറയുന്നതിൽ എന്താണ് പ്രയാസം. അന്ന് യു.ഡി.എഫ് ആയിരുന്നു ഭരിച്ചിരുന്നത്. അന്ന് നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടു. ജമാഅത്തെ ഇസ്ലാമിയുടെ ആശയമാണ് കലാപം ഉണ്ടാക്കിയത്. അത് പറയുമ്പോൾ എന്താണ് വിഷമമെന്നും ഗോവിന്ദൻ ചോദിച്ചു.