ഇൻസ്റ്റഗ്രാമിൽ വൻസുരക്ഷാ വീഴ്ച; 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു

Saturday 10 January 2026 8:35 PM IST

ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ് ആണ് ഇൻസ്റ്റഗ്രാമിലെ സുരക്ഷാ വീഴ്ചയെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ടത്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ ഡാർക്ക് വെബിലെ ഹാക്കർമാരുടെ കൂട്ടായ്മകളിൽ പ്രചരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഉപയോക്താക്കളുടെ യൂസർ നെയിമുകൾ,​ പൂർണമായ പേര്,​ ഇ മെയിൽ വീലാസം,​ ഫോൺ നമ്പരുകൾ,​ ഭാഗികമായ വിലാസം തുടങ്ങിയവയാണ് ചോർന്നത്.

പലവിധ കുറ്റകൃത്യങ്ങൾക്കും ഹാക്കർമാർ ഈ വിവരങ്ങൾ ഉപയോഗിക്കാൻ സാദ്ധ്യതയുണ്ടെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നു. ഇൻസ്റ്റഗ്രാം പാസ്‌വേഡ് റീസെറ്റ് ചെയ്യാനുള്ള സംവിധാനം ദുരുപയോഗം ചെയ്ത് അക്കൗണ്ടുകൾ തട്ടിയെടുക്കാനുള്ള സാദ്ധ്യതയും മാൽവെയർബൈറ്റ്സ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം ശ്രമങ്ങൾ ഹാക്കർമാർ തുടങ്ങിക്കഴിഞ്ഞതായാണ് വിവരം,​ പലർക്കും ഇൻസ്റ്റഗ്രാം പാസ്‌വേഡ് റീസെറ്റ് ചെയ്യാനുള്ള സന്ദേശം ലഭിച്ചതായി റിപ്പോർട്ടുണ്ട്.

അതേസമയം ഇൻസ്റ്രഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ ഡാറ്റ ചോർന്ന സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2024ലെ ഇൻസ്റ്റഗ്രാം എ.രി.ഐ ഡാറ്റാലീക്കിലൂടെ ചോർന്ന വിവരങ്ങളാണ് ഡാർക്ക് വെബ്ബിൽ പ്രചരിക്കുന്നതെന്നാണ് വിവരം.