സ്കൂൾ പൊളിച്ച കേസ്: മുൻകൂർ ജാമ്യംതേടി പ്രതിയായ വീട്ടമ്മ
കൊച്ചി: തർക്കഭൂമി വിട്ടുകിട്ടാൻ 92 വർഷം പഴക്കമുള്ള ഫോർട്ടുകൊച്ചി സെന്റ് ജോൺ പാട്ടം ഗവ. എൽ.പി. സ്‌കൂൾ കെട്ടിടം പൊളിച്ച കേസിൽ പ്രതിയായ വീട്ടമ്മ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. പൊതുമുതൽ നശിപ്പിക്കൽ നിയമപ്രകാരം ഫോർട്ടുകൊച്ചി പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു. മുൻകൂർ ജാമ്യഹർജി കോടതിയുടെ പരിഗണനയിലായതിനാൽ അറസ്റ്റിലേക്ക് പൊലീസ് കടന്നിട്ടില്ല.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടമ്മ സ്‌കൂൾ കരാർ നൽകി പൊളിപ്പിച്ചത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മട്ടാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നേരിട്ടെത്തി പൊളിക്കൽ നിറുത്തിവയ്പ്പിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് കാരണവന്മാർ സ്‌കൂളിനായി വിട്ടുനൽകിയ ഭൂമിയാണെന്നും 2024ഓടെ പാട്ടക്കാലാവധി പൂർത്തിയായെന്നും വാദിച്ചാണ് വീട്ടമ്മ സ്‌കൂൾ പൊളിപ്പിച്ചത്. സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം സ്വകാര്യഭൂമിയാണെന്നാണ് റവന്യൂ രേഖകൾ.
പാട്ടക്കരാർ രേഖകൾ വീട്ടമ്മയുടെ കൈവശമില്ലെന്നാണ് വിവരം. നിലവിൽ സ്‌കൂൾ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു പോവുകയാണ്. കുട്ടികൾ ഇല്ലാതായതോടെ 2016-ൽ പൂട്ടിയ സ്‌കൂളാണിത്.
സ്കൂൾ കെട്ടിടം പൊളിച്ചതിൽ എട്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഓഫീസ് മുറിക്ക് മുകളിൽ ടാർപോളിൻ വിരിച്ചിരിക്കുകയാണ്. സ്‌കൂൾ രേഖകളെല്ലാം ഓഫീസ് മുറിയിലുണ്ട്.