അഡ്വ. മജ്‌നു കോമത്ത് നിര്യാതനായി
വൈപ്പിൻ: സി.പി.ഐ മുതിർന്ന നേതാവ് അഡ്വ. മജ്‌നു കോമത്ത് (79) നിര്യാതനായി. ദീർഘകാലം സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗമായും ജില്ലാ കൗൺസിൽ അംഗമായും വൈപ്പിൻ മണ്ഡലം സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ചു. ഹൈക്കോടതി അഭിഭാഷകനായി 43വർഷം പ്രാക്ടീസ് ചെയ്തു. വെയർഹൗസിംഗ് കോർപ്പറേഷൻ സ്റ്റാൻഡിംഗ് കൗൺസലായിരുന്നു. പാർട്ടി പഠനത്തിന്റെ ഭാഗമായി സോവിയറ്റ് യൂണിയനിലേക്ക് പോകാൻ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അഭിഭാഷക ജോലിയിൽ ശ്രദ്ധിക്കാനായി സ്വയം പിന്മാറി. വൈപ്പിൻ ഗോശ്രീ പാലങ്ങളുടെ നിർമ്മാണത്തിനുവേണ്ടി ഒട്ടേറെ സമരങ്ങളിൽ പങ്കെടുത്തു. പാലം ആക്ഷൻ കൗൺസിൽ ചെയർമാനായിരുന്നു. വൈപ്പിൻ ജനറൽ വർക്കേഴ്‌സ് യൂണിയൻ സംഘടിപ്പിച്ചു. നിലവിൽ പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു. ഏതാനും വർഷങ്ങളായി വാർദ്ധക്യസഹജമായ അസുഖങ്ങളാൽ വിശ്രമത്തിലായിരുന്നു.
വൈപ്പിൻ കോമത്ത് പരേതരായ കൃഷ്ണൻ - ദാക്ഷായണി ദമ്പതികളുടെ അഞ്ചാമത്തെ മകനാണ്. വൈപ്പിൻ ഗവ. എൽ.പി സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ എ.ഐ.എസ്.എഫ് യൂണിറ്റ് രൂപീകരിച്ച് സംഘടനാ രംഗത്തെത്തി. 1970ൽ സംസ്ഥാന പ്രസിഡന്റായി. തുടർന്ന് എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.
ഭൗതികദേഹം ഇന്ന് വൈകിട്ട് 4വരെ വീട്ടിൽ പൊതുദർശനം. തുടർന്ന് വിലാപയാത്രയായി ഗോശ്രീ പാലങ്ങൾവഴി ഹൈക്കോടതി അഭിഭാഷക ചേംബർ കെട്ടിടത്തിലെത്തിച്ച് പൊതുദർശനത്തിന് വച്ചശേഷം മുരിക്കുംപാടം ശ്മശാനത്തിൽ സംസ്‌കരിക്കും. ഭാര്യ: സെലിൻ. മകൻ: അഡ്വ. ഷാഹിൻ. മരുമകൾ: അർലിൻ റോസ്.