മാംസാഹാര വില്പന പൂർണമായും നിരോധിച്ചു; അയോദ്ധ്യയിൽ ഓൺലെെൻ ഡെലിവറിക്കും വിലക്ക്
Saturday 10 January 2026 9:15 PM IST
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാരവില്പന പൂർണമായും നിരോധിച്ചു. മാംസാഹാര വില്പനയ്‌ക്ക് നേരത്തെ വിലക്കുണ്ടെങ്കിലും ഓൺലൈൻ പ്ളാറ്റ്ഫോമുകൾ വിതരണം ചെയ്യുന്ന സാഹചര്യത്തിലാണിത്. മദ്യം വിളമ്പുന്നതിനും നിരോധനമുണ്ട്.
താമസക്കാർക്കായി ഓൺലൈൻ പ്ളാറ്റ്ഫോമുകൾ വഴി മാംസാഹാരം എത്തിക്കരുതെന്ന് ഹോട്ടലുകൾക്കും കച്ചവടക്കാർക്കും ഹോം സ്റ്റേകൾക്കും നിർദ്ദേശം നൽകിയെന്ന് അയോദ്ധ്യ ഭക്ഷ്യ കമ്മിഷണർ മണിക് ചന്ദ്ര സിംഗ് പറഞ്ഞു. ഉത്തരവ് ലംഘിച്ചാൽ കർശന നടപടിയെടുക്കും. മാംസാഹാര ഓർഡറുകൾ സ്വീകരിക്കരുതെന്ന് ഓൺലൈൻ പ്ളാറ്റ്ഫോമുകൾക്കും നിർദ്ദേശം നൽകി. മദ്യത്തിനും നിരോധനമുണ്ടെങ്കിലും അയോദ്ധ്യയിലെ രാംപഥിൽ മദ്യവില്പന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവ പൂട്ടിക്കാനും ശ്രമമുണ്ട്.