അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ ഇന്ന്

Saturday 10 January 2026 9:39 PM IST

അമ്പലപ്പുഴ : ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന് നടക്കും . അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങളാണ് പ്രധാനമായും പേട്ടതുള്ളുക. അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളലാണ് ആദ്യം. മഹിഷീ നിഗ്രഹത്തിന്റെ സന്തോഷപ്രകടനത്തോടൊപ്പം ക്ഷേത്രനിർമ്മാണത്തിന് അയ്യപ്പൻ അയച്ച ശരം തേടിയുള്ള യാത്രയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളൽ. ദേഹത്ത് ചായം പൂശി പച്ചില തുപ്പുകളും ശരക്കോലും ഏന്തിയാണ് സംഘം പേട്ട കെട്ടുക. എരുമേലിയിൽ മറ്റ് സ്വാമിമാർ അനുവർത്തിക്കുന്നതും അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലാണ്. പേട്ടപ്പണം വയ്ക്കൽ ചടങ്ങോടെ പേട്ടതുള്ളലിന്റെ ഒരുക്കങ്ങൾ ആരംഭിക്കും. തുടർന്ന് പേട്ടതുള്ളലിന്എഴുന്നള്ളിക്കുവാള്ള തിടമ്പ് ചെറിയമ്പലത്തിലേക്ക് എഴുന്നള്ളിച്ച് പേട്ടക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും. മാനത്ത് കൃഷ്ണപ്പരുന്തിനെ ദർശിക്കുന്നതോടെ തിടമ്പുകൾ പൂജിച്ച് ആനപ്പുറത്ത് എഴുന്നള്ളിച്ച് വാദ്യമേളങ്ങളുടെയും ശരണ മന്ത്രണമന്ത്രങ്ങളുടെയും അകമ്പടിയോടെ പേട്ട തുള്ളൽ ആരംഭിക്കും.

സമൂഹ പ്പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ള മുഖ്യ കാർമ്മികത്വം വഹിക്കും. ചെറിയ മ്പലത്തിൽ നിന്നും പേട്ട കെട്ടി ഇറങ്ങുന്ന സംഘം നേര വാവരു പള്ളിയിൽ കയറും. പുഷ്പവൃഷ്ടി നടത്തിയും കളഭം തളിച്ചും പള്ളി ഭാരവാഹികൾ സംഘത്തെ സ്വീകരിക്കും. വാവർ പ്രതിനിധി സംഘത്തോടൊപ്പം വലിയമ്പലത്തിലേക്ക് നീങ്ങും. അമ്പലപ്പുഴ പെരിയോനും വാവർ പ്രതിനിധിയും തോളോടുതോൾ ചേർന്ന് നീങ്ങുന്ന കാഴ്ച മതസൗഹാർദത്തിന്റെ മകുടോദാഹരണമാണ്. വിവിധ സർക്കാർ വകുപ്പുകളും സംഘടനകളും പേട്ടുള്ളലിന് സ്വീകരണം നൽകും. വലിയമ്പലത്തിൽ എത്തുന്ന പേട്ടസംഘത്തെ വാദ്യമേളങ്ങളോടെ ദേവസ്വം ഭാരവാഹികൾ സ്വീകരിക്കും. ക്ഷേത്ര പ്രദക്ഷിണം ചെയ്ത് നമസ്ക്കാരം നടത്തുന്നതോടെ പേട്ട തുള്ളലിന് സമാപനമാകും. തുടർന്ന് കുളി കഴിഞ്ഞ് ഉച്ചഭക്ഷണം കഴിക്കും. വൈകിട്ട് ക്ഷേത്രദർശന ശേഷം ക്ഷേത്രത്തിൽ ആഴി പൂജയും നടത്തി സംഘം പമ്പയിലേക്ക് യാത്ര തിരിക്കും.