കൂട്ടിലായ കടുവ കുപ്പാടിയിൽ നിരീക്ഷണത്തിൽ ആരോഗ്യം തൃപ്തികരമെന്ന് വനംവകുപ്പ്

Saturday 10 January 2026 9:39 PM IST

ഇരിട്ടി: അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ നാലു പശുക്കളെ കടിച്ചുകൊന്നതിന് പിന്നാലെ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ കടുവ വയനാട് കുപ്പാ ടിയിലെ അനിമൽ ഹോസ്പിസ് സെന്റർ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നിരീക്ഷണത്തിൽ. പശുക്കളെ കൂട്ടക്കശാപ്പ് നടത്തിയതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ ദൗത്യത്തിനൊടുവിലാണ് വെള്ളിയാഴ്ച്ച രാത്രി 11മണിയോടെ കടുവ വനം വകുപ്പിന്റെ കൂട്ടിൽ അകപ്പെട്ടത്.

പിടിയിലായ കടുവയുടെ പ്രായം പത്ത് വയസിനോട് അടുത്താണെന്ന് പരിശോധനയിൽ കണ്ടെത്തി. താഴത്തെ കോമ്പല്ലുകളിൽ രണ്ടെണ്ണം തേയ്മാനം സംഭവിച്ചതായും മുകളിലത്തെ നിലയിലെ രണ്ട് കോമ്പല്ലുകൾ പൊട്ടിയ നിലയിലാണെന്നും വനം വകുപ്പ് നോർത്തേൺ സർക്കിൾ വെറ്റിനറി ഡോക്ടർ ഏലിയാസ് റാവുത്തർ സ്ഥിരീകരിച്ചു. കടുവയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും നിരീക്ഷണം തുടരുകയാണെന്നും അധികൃതർ പറഞ്ഞു. കടുവയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷം മാത്രമെ ഉൾവനത്തിലേക്ക് വിടുന്ന കാര്യത്തിൽ അന്തിമതീരുമാനം എടുക്കും.

കടുവ കൊലപ്പെടുത്തിയവയിൽ ചെറിയ പശുവിനെ കൂട്ടിനുള്ളിൽ ഇരയാക്കി വച്ചാണ് വനംവകുപ്പ് കടുവയെ കൂട്ടിൽ കുടുക്കിയത്. വനംവകുപ്പിന്റെ ദ്രുതകർമ്മ സേനയും അത്യാവശ്യം പൊലീസുകാരും മാത്രം അടങ്ങിയ ദൗത്വ സംഘം മേഖലയിൽ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിരീക്ഷിച്ചു. കൂട്ടിൽ അകപ്പെട്ട് ഒരുമണിക്കൂറിനുള്ളിൽ തന്നെ ഇതിന്റെ ആരോഗ്യം ഉൾപ്പെടെ വിലയിരുത്തി വയനാട്ട് കുപ്പാടിയിലുള്ള പരിചരണ കേന്ദ്രത്തിലേക്ക് കടുവയെ മാറ്റുകയായിരുന്നു.

നഷ്ടപരിഹാരം ആദ്യ ഗഡു നാളെ

കടുവയുടെ ആക്രമണത്തിൽ നാല് പശുക്കളെ നഷ്ടപ്പെട്ട പാലത്തുംകടവ് സ്വദേശിനി സരസു പുല്ലാട്ടുകുന്നേലിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു നാളെ നൽകുമെന്ന് വനം കൊട്ടിയൂർ റെയ്ഞ്ചർ നിഥിൻ രാജ് പറഞ്ഞു. നഷ്ടപരിഹാര തുകയുടെ 80 ശതമാനമാണ് ആദ്യ ഗഡുവായി നൽകുന്നത്. ഇത് വനം വകുപ്പിന്റെ ഫണ്ടിൽ നിന്നുള്ള പണമാണ്. ബാക്കി 20 ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കുമെന്ന് ഇരിട്ടി തഹസിൽദാറും കുടുംബത്തിന് ഉറപ്പുനൽകിയിട്ടുണ്ട്. വനം നോർത്തേൺ സി സി.എഫ് അഞ്ജൻകുമാർ, ഡി.എഫ്.ഒ എസ്.വൈശാഖ്, ആറളം വൈൽഡ് ലൈഫ് വാർഡൻ വി.രതീശൻ, ആർ.ആർ.ടി ഡെപ്യൂട്ടി റെയിഞ്ചർ ഷൈനികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കടുവയെ കൂടുവച്ച് പിടിക്കാനുള്ള നടപടികൾപൂർത്തിയാക്കിയത്.