വേമ്പനാട്ടുകായൽ തീരത്ത് ദുരിതം വിതച്ച് വേലിയേറ്റം

Saturday 10 January 2026 9:40 PM IST

തുറവൂർ : വേലിയേറ്റത്തിൽ വേമ്പനാട്ടുകായൽ കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ തീരപ്രദേശത്തെ നൂറുകണക്കിന് വീടുകൾ വെള്ളത്തിലായി. പുറംപാടങ്ങൾ കവിഞ്ഞൊഴുകിയെത്തുന്ന വെള്ളം കര തിരിച്ചറിയാൻ കഴിയാത്ത വിധം വ്യാപിച്ചുകിടക്കുകയാണ്.അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, വയലാർ, തൈക്കാട്ടുശ്ശേരി, അരൂക്കുറ്റി തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളാണ് ദുരിതത്തിൽ നട്ടംതിരിയുന്നത്.വീടുകളിലേക്ക് നീന്തിക്കയറേണ്ട അവസ്ഥയാണ് പലേടത്തും.

വേലിയേറ്റത്തെ തുടർന്ന് തോടുകളും പാടങ്ങളും നിറഞ്ഞൊഴുകി വെള്ളം വീടുകളുടെ മുറ്റങ്ങളിലേക്ക് ഇരച്ചുകയറും. രാത്രികാലങ്ങളിൽ കയറുന്ന വെള്ളത്തിൽ മുറ്റത്തിരിക്കുന്ന സാധനങ്ങൾ ഒഴുകിപ്പോകും. മിക്ക വീടുകളുടെയും സെപ്റ്റിക് ടാങ്കുകൾ വെള്ളം കയറി നിറഞ്ഞതിനാൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് കുടുംബങ്ങൾ.

വെള്ളം കെട്ടിനിൽക്കുന്നത് കെട്ടിടങ്ങൾക്കും ഭീഷണിയാണ്. ഭാവിയിൽ ഇവ തകർന്നുവീഴാൻ വരെ കാരണമാകുമെന്ന ആശങ്കയും നാട്ടുകാർ പങ്കുവയ്ക്കുന്നു. പുറംപാടങ്ങളെ സംരക്ഷിക്കുന്ന ബണ്ടുകൾ പല സ്ഥലങ്ങളിലും തകർന്നതും ഇടിഞ്ഞു താഴ്ന്നതുമാണ് വെള്ളം കയറാൻ പ്രധാന കാരണം. ബണ്ടുകൾ ഉയർത്തി പുനർനിർമ്മിക്കാൻ സർക്കാർ തലത്തിൽ അടിയന്തര നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ബണ്ടുകൾ തകർന്നത് ഭീഷണി

1. ഉപ്പുവെള്ളം കയറുന്നതോടെ മുറ്റങ്ങളിലെ പുരയിടങ്ങളിലും പച്ചക്കറികൃഷികളും പൂർണമായി നശിച്ചു

2. വളർത്തുമൃഗങ്ങളുടെ തൊഴുത്തുകൾ വെള്ളത്തിലായതോടെ അവയ്ക്കും സുരക്ഷയില്ലാതായി

3. കുട്ടികൾക്കും വയോധികർക്കും വീടിന് പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

4. നിരന്തരമായ വെള്ളപ്പൊക്കം വീടുകളുടെ അടിത്തറയ്ക്ക് ബലക്ഷയം ഉണ്ടാക്കിയിട്ടുണ്ട്

മുറ്റങ്ങൾ മണലിട്ട് ഉയർത്തിയാൽ ഒരു പരിധിവരെ വെള്ളപ്പൊക്കത്തെ ചെറുക്കാനാകും. മുൻകാലങ്ങളിൽ പഞ്ചായത്തുകൾ ഇതിനായി പദ്ധതികൾ തയ്യാറാക്കി ഫണ്ട് വകയിരുത്തിയിരുന്നു. നിലവിൽ ഇത്തരം പദ്ധതികൾ ഇല്ല

- പ്രദേശവാസികൾ