മാവേലിക്കര നഗരമദ്ധ്യത്തിലെ മോഷണം,​ പ്രായപൂർത്തിയാകാത്ത 3 പേർ പിടിയിൽ

Sunday 11 January 2026 12:41 AM IST

മാവേലിക്കര : മാവേലിക്കര നഗരമദ്ധ്യത്തിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കടകളും അമേരിക്കൻ ജംഗ്ഷനിലെ മെൻസ് വെയർ ഷോപ്പും കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ 6നാണ് മെൻസ് വെയർ ഷോപ്പിന്റെ മുൻവശത്തെ ഷട്ടറും ഗ്ലാസ് ഡോറും തകർത്ത് പണവും തുണിത്തരങ്ങളും മോഷ്ടിച്ചത്.

ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡി വൈ.എസ്.പി എം.കെ ബിനുകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുചക്ര വാഹനത്തിലെത്തിയ മൂന്ന് പേരാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരുവല്ല കുറ്റൂർ ജംഗ്ഷന് സമീപത്ത് നിന്ന് ചെങ്ങന്നൂർ സ്വദേശിയുടെ സ്കൂട്ടർ കഴിഞ്ഞ അഞ്ചിന് മോഷണം പോയതാണെന്ന് കണ്ടെത്തി. ഇതോടെ,​ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടിമോഷ്ടാക്കളെ പിടികൂടുകയായിരുന്നു. തുടർന്നുള്ള ചോദ്യംചെയ്യലിൽ

മെൻസ് വെയർ ഷോപ്പിലും പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കടകളിലും മോഷണം നടത്തിയത് തങ്ങളാണെന്ന് സമ്മതിച്ചു. ബൈക്ക് മോഷണത്തിലും ചെറുകിട മോഷണങ്ങളിലും ഇവർ നേരത്തെ ഉൾപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മാവേലിക്കര പൊലീസ് ഇൻസ്‌പെക്ടർ സി.ശ്രീജിത്ത്‌, എസ്.ഐ മധുസൂദനൻ.ജി, എ.എസ്.ഐ പ്രസന്നകുമാരി.എം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ്‌ ഷഫീഖ്, രതീഷ്, അരുൺ ഭാസ്ക്കർ, സിവിൽ പൊലീസ് ഓഫീസർമാരായ ബോധിൻകൃഷ്ണ, ജിഷ്ണു.ആർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. മോഷ്ടാക്കളെയും ജുവനൈയിൽ ഹോമിലേക്ക് മാറ്റി.