കിളിയന്തറ സ്കൂളിന് സമീപം പുലിയെ കണ്ടെന്ന് ടാപ്പിംഗ് തൊഴിലാളി വനം വകുപ്പും പൊലീസും പരിശോധന നടത്തി

Saturday 10 January 2026 10:00 PM IST

ഇരിട്ടി: പായം പഞ്ചായത്തിലെ കിളിയന്തറയിൽ പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളിയുടെ വെളിപ്പെടുത്തൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി. കിളിയന്തറ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ റബ്ബർ തോട്ടത്തിലാണ് പുലിയെ കണ്ടതായി പുലർച്ചെ ടാപ്പിംഗിനെത്തിയ പേരട്ട സ്വദേശി അനിൽ പറഞ്ഞത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. കിളിയന്തറ ചക്രമാക്കൽ സൈമൺന്റെ തോട്ടത്തിൽ റബ്ബർ ടാപ്പിംഗിനെത്തിയ അനിൽ പുലിയുടെ മുന്നിൽ പെടുകയായിരുന്നു. മൊബൈൽ ഫോൺ എടുത്ത് ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടയിൽ പുലി കാട്ടിലേക്ക് ഓടിമറഞ്ഞുവെന്ന് അനിൽ പറഞ്ഞു.

നിരവധി വീടുകളുള്ള പ്രദേശമാണിത്. റബ്ബർ തോട്ടത്തിൽ നിന്നും 100 മീറ്റർ അകലെയാണ് കിളിയന്തറ ഹയർസെക്കൻഡറി സ്കൂൾ പ്രവർത്തിക്കുന്നത്.

അടിയന്തിരയോഗം വിളിച്ച് പഞ്ചായത്ത്

സംഭവം അറിഞ്ഞ് പായം പഞ്ചായത്ത് പ്രസിഡന്റ് എം.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. ആവശ്യമായ മുൻകരുതൽ എടുക്കാൻ പൊലീസിനും വനവകുപ്പിനും യോഗം നിർദ്ദേശം നൽകി. പത്തുമണിയോടെ പ്രദേശത്തെത്തിയ പോലീസും വനം വകുപ്പ് സംഘവും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ഏറെ തിരച്ചൽ നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ചില കാൽപ്പാടുകൾ ശ്രദ്ധയിൽപ്പെട്ടെങ്കിലും അത് പുലിയുടേതല്ലെന്ന നിഗമനത്തിലാണ് വനവകുപ്പ്. പുലർച്ചെ ടാപ്പിംഗിനും സൊസൈറ്റികളിൽ പാലുമായും പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഞായറാഴ്ച പുലർച്ചെ പള്ളികളിൽ പോകുന്നവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഖലയിൽ ആവശ്യമായ നിരീക്ഷണം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നൽകി.