ആസ്വാദകരെ ഇളക്കിമറിച്ച് 'ഗൗരിലക്ഷ്മി മ്യൂസിക്കൽ ഈവ്"

Sunday 11 January 2026 1:41 AM IST

തിരുവനന്തപുരം: ആസ്വാദകരെ ഇളക്കിമറിക്കുന്ന ചടുല സംഗീതവും കണ്ണഞ്ചിപ്പിക്കുന്ന ദീപ സംവിധാനവും ഒത്തുചേർന്നപ്പോൾ പ്രിയ ഗായിക ഗൗരിലക്ഷ്മി നയിച്ച മെ​ഗാഷോ 'ഗൗരിലക്ഷ്മി മ്യൂസിക്കൽ ഈവ്" തലസ്ഥാനത്തിന് പുത്തൻ അനുഭവമായി.

നിയമസഭാ പുസ്തകോത്സവത്തിന്റെ പ്രധാന വേദിയായ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ ഇന്നലെ കൗമുദി ടിവി നടത്തിയ മെഗാ സംഗീത നിശയാണ് അനന്തപുരിക്ക് വേറിട്ട ദൃശ്യാനുഭവം സമ്മാനിച്ചത്.

'താഴമ്പൂ മുടിമുടിച്ച് ...' എന്ന ഗാനത്തോടെയാണ് ഷോ ആരംഭിച്ചത്.വേദിക്ക് പിന്നിലെ എൽ.ഇ.ഡി വാളിൽ തെളിഞ്ഞ വർണവിസ്മയത്തിനൊപ്പം, ഹാളിലാകെ നിറഞ്ഞുതെളിഞ്ഞ ലൈറ്റ് ഷോ കൂടിയായപ്പോൾ കാണികൾ പാട്ടിനൊപ്പം കൈയടിച്ച് താളമിട്ടു. ഗൗരി ലക്ഷ്‌മിയുടെ പാട്ടിനൊപ്പം കാണികളെ ഇളക്കിമറിക്കുന്ന നൃത്തം കൂടി ഒത്തുചേർന്നപ്പോൾ മെഗാഷോ കാണാനെത്തിയവർക്ക് വേറിട്ട അനുഭവമായി. പരിപാടി കാണാൻ മണിക്കൂറുകൾക്ക് മുൻപേ ഹാളിൽ, സൂചികുത്താൻ ഇടമില്ലാത്തവിധം കാണികളെക്കൊണ്ട് നിറഞ്ഞു. വാച്ച് ആൻഡ് വാർഡുമാർ ഏറെ പരിശ്രമിച്ചാണ് കാണികളെ നിയന്ത്രിച്ചത്. സീറ്റുകൾ നിറഞ്ഞതോടെ പ്ലാസ്റ്റിക് കസേരകൾ കൂടിയെത്തിച്ചാണ് കാണികൾക്ക് സൗകര്യമൊരുക്കിയത്. എന്നാൽ ആളുകൾ വീണ്ടും എത്തിയതോടെ നിയന്ത്രണം വേണ്ടിവന്നു. രണ്ടരമണിക്കൂർ നേരം നിയമസഭാ പുസ്തകവേദിയെ ആനന്ദ സാഗരമാക്കിയാണ് പരിപാടി സമാപിച്ചത്.