പന്തലൊരുങ്ങി: ഇനി മിനുക്ക് പണി

Sunday 11 January 2026 12:44 AM IST

തൃശൂർ: സംസ്ഥാന കലോത്സവത്തിന്റെ പന്തലുകളുടെ നിർമ്മാണം നിശ്ചയിച്ച സമയത്ത് തന്നെ പൂർത്തിയാക്കി. പ്രധാന പന്തൽ ഉദ്ഘാടനം ചെയ്‌തോടെ, ഇനി നഗരം കലോത്സവത്തിന്റെ ആവേശത്തിരക്കിലേക്ക്. 25 വേദികളിൽ ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും നടക്കുന്ന പ്രധാന വേദിയായ 'സൂര്യകാന്തി' (വേദി 1)യാണ് തേക്കിൻകാട് മൈതാനിയിലെ പൂരം പ്രദർശന നഗരിയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തത്. പ്രധാനവേദിയിൽ 8000 ലേറെ പേർക്ക് ഇരിക്കാനുളള സൗകര്യമുണ്ടാകും. തേക്കിൻകാട് മൈതാനത്ത് സി.എം.എസ് സ്‌കൂളിന് എതിർവശത്തെ 'പാരിജാതം', ബാനർജി ക്ലബ്ബിന് എതിർവശത്തെ 'നീലക്കുറിഞ്ഞി' എന്നീ വേദികളിൽ 2000ലേറെ പേരെ ഉൾക്കൊള്ളിക്കാനാകും. സ്‌കൂളുകളിലും പ്രധാന ഹാളുകളിലുമായുളള വേദികളിലും ആയിരത്തിലേറെ പേർക്ക് ഇരിക്കാനാകും. കസേരകൾ നിരത്തുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്. ഇനി അലങ്കാരപ്പണികളും മിനുക്കുപണികളും നടക്കും. തേക്കിൻകാട് മൈതാനത്ത് ഒരുക്കുന്ന വേദികളുടെ പരിസരത്ത് ഇ-ടോയ്‌ലറ്റുകളുമുണ്ടാകും.

ജർമൻ ടെക്‌നോളജിയിൽ മിന്നി പന്തലുകൾ

എളുപ്പത്തിലും ചെലവു കുറച്ചും നിർമിക്കാനാവുന്ന ജർമൻ ടെക്‌നോളജി ഉപയോഗിച്ചായിരുന്നു വേദികളുടെ നിർമ്മാണം. പ്രധാന വേദിയിൽ വലിയ മരങ്ങൾ ഉള്ളതിനാൽ അവിടെ ജർമൻ രീതിയിൽ വേദി നിർമാക്കാനായില്ല. നിർമാണം പൂർത്തീകരിക്കാൻ പെട്ടെന്ന് കഴിഞ്ഞതും ജർമ്മൻ ആയതുകൊണ്ടാണ്. ഈ പന്തലുകളിൽ ചൂടും കുറവായിരിക്കും. തിരുവനന്തപുരം സ്വദേശി വിജയകുമാറും മകൾ ഗ്രീഷ്മയുമാണ് പന്തലുകൾ ഒരുക്കിയത്.

സ്വർണക്കപ്പ് 13ന് എത്തും

സ്വർണക്കപ്പിന് 12ന് ഉച്ചയ്ക്ക് രണ്ടിന് കുന്നംകുളം മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്വീകരണം നൽകും. 13ന് കലോത്സവ വേദിയിലെത്തും. കുന്നംകുളത്ത് എ.സി.മൊയ്തീൻ എം.എൽ.എയുടെ നേതൃത്വത്തിൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽവച്ചായിരിക്കും സ്വീകരണം. മുത്തുക്കുടകൾ, ബാൻഡ് വാദ്യങ്ങൾ, വിദ്യാർഥികളുടെ വിവിധ കലാരൂപങ്ങൾ, സ്‌കൗട്ട്, ഗൈഡ്, എസ്.പി.സി, ജെ.ആർ.സി, ജനപ്രതിനിധികൾ എന്നിവരടങ്ങുന്ന ജനാവലിയുടെ അകമ്പടിയോടെ കുന്നംകുളം പഴയ ബസ്റ്റാൻഡിന്റെ മുൻവശത്ത് നിന്ന് സ്വർണക്കപ്പ് ഘോഷയാത്രയായി കുന്നംകുളം മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് ആനയിക്കും. 117.5 പവൻ തൂക്കം വരുന്ന സ്വർണക്കപ്പുമായുള്ള ഘോഷയാത്ര കാസർകോട് നിന്നാണ് ആരംഭിച്ചത്.