യൂത്ത് കോൺഗ്രസ് മാർച്ച്

Sunday 11 January 2026 12:47 AM IST

വടക്കാഞ്ചേരി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ 50 ലക്ഷം കോഴ നൽകിയതിന് പിന്നിൽ കരുവന്നൂർ സഹ. ബാങ്ക് കൊള്ളക്കാരെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ. ജനാധിപത്യം അട്ടിമറിക്കുന്നതിന് നേതൃത്വം നൽകിയ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി എം.എൽ.എ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഒ.ശ്രീകൃഷ്ണൻ അദ്ധ്യക്ഷനായി. ഓട്ടുപാറയിൽനിന്ന് ആരംഭിച്ച മാർച്ച് വടക്കാഞ്ചേരിയിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. വ്യാപാരസ്ഥാപനങ്ങൾ അടപ്പിച്ച് റോഡ് ഉപരോധിച്ച ജോസ് വള്ളൂർ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഗതാഗതം തടസപ്പെടുത്തിയതിന് 10 പേർക്കെതിരെ കേസെടുത്തു.