ഇൻസ്റ്റയിൽ 1.75 കോടി വ്യക്തിവിവരം ചോർന്നു , ഹാക്കർമാരുടെ ലക്ഷ്യം സാമ്പത്തിക തട്ടിപ്പും
പാസ്‌വേഡ് റീസെറ്റ് ലിങ്ക് തുറക്കരുത് പ്രതികരിക്കാതെ മെറ്റ
വാഷിംഗ്ടൺ: ഇൻസ്റ്റഗ്രാമിൽ 1.75 കോടി ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഹാക്കർമാർ ചോർത്തി. ഡാർക്ക് വെബിലെ നിരീക്ഷണത്തിനിടെ സൈബർ സുരക്ഷാ സ്ഥാപനമായ മാൽവെയർ ബൈറ്റ്സാണ് ഗുരുതരവീഴ്ച കണ്ടെത്തിയത്.
ഉപഭോക്താക്കളുടെ പേര്, യൂസർനെയിം, ഇമെയിൽ വിലാസം, ഫോൺ നമ്പർ, ലൊക്കേഷൻ ഉൾപ്പെടെയാണ് ചോർത്തിയത്. സാമ്പത്തിക തട്ടിപ്പാണ് ഹാക്കർമാരുടെ പ്രധാന ലക്ഷ്യം. റിപ്പോർട്ടിനോട് ഇൻസ്റ്റഗ്രാം മാതൃകമ്പനിയായ മെറ്റ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
'സോളോനിക് " (Solonik) എന്ന ഹാക്കർ സംഘം വിവരങ്ങൾ ഡാർക്ക് വെബിൽ വില്പനയ്ക്കായി പ്രചരിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഇൻസ്റ്റഗ്രാമിലെ എ.പി.ഐ പിഴവോ തേർഡ് പാർട്ടി സർവീസിലെ വീഴ്ചയോ ഹാക്കർമാർ ദുരുപയോഗം ചെയ്തിരിക്കാമെന്നാണ് കരുതുന്നത്. വിവരങ്ങൾ 2024ൽ ശേഖരിച്ചതാകാമെന്നും സംശയമുണ്ട്.
ചില ഉപഭോക്താക്കൾക്ക് ഇൻസ്റ്റഗ്രാമിന്റേതെന്ന തരത്തിൽ പാസ്‌വേഡ് റീസെറ്റ് ലിങ്കുകളോടെയുള്ള ഇ മെയിലുകൾ ലഭിച്ചു. ഇത്തരം വ്യാജ മെയിലുകളോടും മെസേജുകളോടും പ്രതികരിക്കരുതെന്നും ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും സൈബർ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ചോർന്ന വിവരങ്ങൾ ഉപയോഗിച്ച് അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ ശ്രമിച്ചേക്കും.
മുൻകരുതൽ സ്വീകരിക്കാം
പുതിയ, ശക്തമായ പാസ്‌വേഡിലേക്ക് മാറുക. ടു-ഫാക്ടർ ഓതന്റിക്കേഷൻ ഓണാക്കുക
സെറ്റിംഗ്സിൽ അക്കൗണ്ട് ആക്റ്റിവിറ്റി പരിശോധിച്ച് അനധികൃത ലോഗിൻ ശ്രമം നിരീക്ഷിക്കുക
സെറ്റിംഗ്സിൽ അക്കൗണ്ട് സെന്ററിലുള്ള 'റീസന്റ് ഇ-മെയിൽസ്" പരിശോധിക്കണം
14 ദിവസത്തിനുള്ളിൽ ഇൻസ്‌റ്റഗ്രാം ഔദ്യോഗിക മെയിലുകൾ അയച്ചോയെന്ന് മനസിലാക്കാം